കോടിക്കുളം: മുട്ടം ജില്ലാ ജയിലിൽ പാലിന്റെ ലഭ്യത ഉറപ്പാക്കാൻ മീരയെന്ന പശുവിനെ നൽകിയ പി.ജെ. ജോസഫ് എം.എൽ.എ. ഭാനുമതിയെന്ന മറ്റൊരു പശുവിനെ കാലിപ്രദർശനത്തിൽ നിന്നും സ്വന്തമാക്കി. കോടിക്കുളത്ത് നടന്ന ബ്ലോക്ക് ക്ഷീര സംഗമത്തോടനുബന്ധിച്ച് നടത്തിയ കാലി പ്രദർശനത്തിൽ പങ്കെടുത്ത പശുവിനെ വിലക്കു വാങ്ങിയാണ് ഉദ്ഘാടകൻ കൂടിയായ ജോസഫ് മടങ്ങിയത്. വാങ്ങിയ പശുവിന് ഭാനുമതിയെന്ന് പേരു വിളിച്ചാണ് സദസ്സിനെ എം.എൽ എ പരിചയപ്പെടുത്തിയത്. 1.25 ലക്ഷം രൂപാ നൽകിയാണ് വണ്ണപ്പുറം സ്വദേശി സജിയുടെ സഹിവാൾ ഇനത്തിൽ പെട്ട പശുവിനെ മീരയ്ക്കു പകരം സ്വന്തമാക്കിയത്. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി അദ്ധ്യക്ഷത വഹിച്ച ക്ഷീരകർഷകസംഗമം പി.ജെ. ജോസഫ് എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി റെജി, ആലക്കോട് പഞ്ചായത്ത് പ്രസിഡൻറ് ടോമി കാവാലം, ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ, ബ്ലോക്ക് മെമ്പർമാരായ എം.മോനിച്ചൻ, ബിന്ദു പ്രസന്നൻ, രാജീവ് ഭാസ്കരൻ ,പി.ഐ മാത്യൂ എന്നിവർ സംസാരിച്ചു.