തൊടുപുഴ: മുഖ്യമന്ത്രി വിളിച്ചസർവ്വകക്ഷി യോഗവുമായിബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിതെറ്റിധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. ഓഗസ്റ്റ് 22ന് സർക്കാർ പുറപ്പെടുവിച്ച
ഉത്തരവ് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദ്ദേശ പ്രകാരമാണെന്നാണ് സമിതി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. ഈ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് സിപിഐ,സിപിഎം ജില്ലാ സെക്രട്ടറിമാർ, മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും എൽഡിഎഫ് നേതാക്കളെയും കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ കക്ഷി നേതാക്കളും എല്ലാവരും തന്നെ ചർച്ചയിൽ പങ്കെടുത്തത്. സർക്കാർ ഉത്തരവുമായി ബന്ധപ്പെട്ട് ജില്ലയിൽ സിപിഐക്കെതിരെ നടന്ന കള്ള പ്രചരണങ്ങളെ പ്രതിരോധിക്കാൻ പാർട്ടി ഒരു പ്രചരണ ജാഥ സംഘടിപ്പിച്ചിരുന്നു. ഈ ജാഥയിലെ പ്രധാന മുദ്രാവാക്യം 1964 ലെയും 1993ലെയും ഭൂ പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നായിരുന്നു. ഈ ആവശ്യം സർവ്വകക്ഷി യോഗത്തിലും വ്യക്തതയോടെ ഉന്നയിക്കാൻ സിപിഐക്ക് കഴിഞ്ഞിട്ടുണ്ട്.. വസ്തുതകൾ
ഇതായിരിക്കെ സിപിഐയെപ്പറ്റിയും റവന്യു മന്ത്രിയെപ്പറ്റിയും വസ്തുതാ വിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നതിന്റെ കാരണം ദുരൂഹമാണ്. ജില്ലയിൽ കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി കാർഷിക പ്രശ്നങ്ങളിൽ സിപിഐ സ്വീകരിച്ചിട്ടുള്ള നിലപാടുകൾ ജനങ്ങൾക്ക് ബോധ്യമുള്ളതാണെന്ന് കെ കെ ശിവരാമൻ പറഞ്ഞു.