കട്ടപ്പന: അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് കമ്പനിയാണെന്നു അന്നമ്മ വിശ്വസിപ്പിച്ച 'എക്സ്പ്രസ് വിസാസി'ന്റെ റിക്രൂട്ട്‌മെന്റ് മാനേജരും അസോസിയേറ്റ് പാർട്ട്ണറുമായി തന്നെ നിയമിച്ചതായുള്ള രേഖകൾ കാട്ടിയാണ് ഉദ്യോഗാർഥികളെയും അവരുടെ കുടുംബങ്ങളെയും കെണിയിലാക്കിയത്. തട്ടിപ്പുസംഘത്തിലെ മുഖ്യകണ്ണിയായ ഓം അഗർവാളാണ് കമ്പനിയുടെ സിഇഒ എന്നും രേഖകളിലുണ്ട്. ഇയാൾ വർഷങ്ങളായി കാനഡയിലാണുള്ളതെന്നും അവിടെ സ്വന്തമായി കമ്പനി നടത്തുകയാണെന്നുമാണ് അന്നമ്മ ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചു. റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ മുംബൈയിലുള്ള ഓഫീസ് വഴിയാണ് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുന്നതെന്നാണ് ഉദ്യോഗാർഥികളോടു പറഞ്ഞത്. കാനഡ, തായ്ലന്റ്, വിയറ്റ്നാം, മലേഷ്യ എന്നീ രാജ്യങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നതായും രേഖകളിലുണ്ട്. എന്നാൽ ഇതു വ്യാജമായി തയാറാക്കിയതാണോയെന്നും സംശയമുണ്ട്.
അന്നമ്മ ജോർജിന്റെ റിക്രൂട്ട്‌മെന്റ് ഇടപാടുകൾ ആരംഭിക്കുന്നത് മുംബൈയിൽ നിന്നാണ്. ചെറുപ്പത്തിൽ തന്നെ മുംബൈയിലെത്തിയ ഇവർ ഇവിടെയുള്ള ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ ഗോവ സ്വദേശിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു പെൺകുട്ടിയുണ്ട്. പിന്നീട് ഇയാളുമായി വിവാഹബന്ധം വേർപെടുത്തിയശേഷം കേരളത്തിലേക്കു തിരികെ പോന്നു. ഇതിനുശേഷം അങ്കമാലി സ്വദേശിയെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധവും വിവാഹമോചനത്തിൽ കലാശിച്ചു. നാട്ടിലെത്തിയ അന്നമ്മ വർഷങ്ങളോളം നെടുങ്കണ്ടത്ത് തോംസൺ എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തിയിരുന്നു. നെടുങ്കണ്ടത്തെ ട്രാവൽ ഏജൻസി പൂട്ടിയശേഷം രണ്ടുവർഷം മുമ്പ് കട്ടപ്പനയിൽ മകൾക്കൊപ്പം വാടകയ്ക്ക് താമസമാരംഭിച്ചു. തുടർന്നാണ് മുംബൈയിലുള്ള റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ഏജന്റായി പ്രവർത്തിച്ചുതുടങ്ങി. തുടർന്നാണ് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നു പണം വാങ്ങിത്തുടങ്ങിയത്. നാലുമാസത്തിനുശേഷം കാനഡയിൽ കൊണ്ടുപോകാമെന്നായിരുന്നു വാഗ്ദാനം. നിരവധിയാളുകളിൽ നിന്നു ഇത്തരത്തിൽ പണം വാങ്ങി. പിന്നീട് മാസങ്ങൾ നീണ്ടതോടെ പലരും പണം തിരികെ വാങ്ങി. തുടർന്ന് 2018 നവംബർ, ഡിസംബർ മാസങ്ങളിലായി ബാക്കിയുള്ള ഉദ്യോഗാർഥികളെ മുംബൈയിലെത്തിച്ച് ശാരീരിക പരിശോധന നടത്തി. ഇതിനുള്ള പണവും ഉദ്യോഗാർഥികളിൽ നിന്നാണ് വാങ്ങിയത്. പല ബാച്ചുകളിലായി നിരവധിയാളുകളെ മുംബൈയിലെത്തിച്ച് പരിശോധന നടത്തി. രണ്ടുമാസത്തിനുള്ളിൽ കാനഡയ്ക്ക് പോകാമെന്നു ശാരീരിക പരിശോധന വിജയിച്ചവരോട് അന്നമ്മ അറിയിച്ചിരുന്നെങ്കിലും വീണ്ടും കാലതാമസം നേരിട്ടതോടെ നിരവധി പേർ പിൻവാങ്ങി. അവശേഷിക്കുന്നവരോടെ ഓരോ മാസവും അവധി പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് മുംബൈയിലുള്ള ഏജൻസി തന്നെ കബളിപ്പിച്ചതായി അന്നമ്മ ഉദ്യോഗാർഥികളെ അറിയിച്ചു. ഉദ്യോഗാർഥികളിൽ ചിലർ അന്നമ്മക്കെതിരെ പരാതി നൽകാനൊരുങ്ങിയപ്പോൾ വാങ്ങിയ പണം ഇവർ തിരികെ നൽകി. തുടർന്ന് കോട്ടയം സ്വദേശിയായ ഏജന്റ് മുഖേന ഉദ്യോഗാർഥികളെ ഓസ്‌ട്രേലിയയ്ക്ക് കയറ്റിവിടാനായി ശ്രമം തുടങ്ങി. ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് മാസങ്ങൾ തള്ളി നീക്കി. ഒടുവിൽ കോട്ടയത്തെ ഏജന്റും തന്നെ കബളിപ്പിച്ചതായി അന്നമ്മ ഉദ്യോഗാർഥികളോട് പറഞ്ഞു. പിന്നീടാണ് എക്സ്പ്രസ് വിസാസ് എന്ന അന്താരാഷ്ട്ര കമ്പനിയുമായി അന്നമ്മ ബന്ധപ്പെടുന്നതും ഉദ്യോഗാർഥികളെ ഖത്തറിലേക്ക് കൊണ്ടുപോകുന്നതും.