ഇടുക്കി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് സന്നദ്ധ സംഘടനകൾ ഭവനം നിർമിച്ചു നൽകി. നിർമ്മാണം പൂർത്തിയായ അഞ്ച് വീടുകളുടെ താക്കോൽ ദാനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. എല്ലാം മറന്ന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള മനസ്സ് കേരളത്തിലെ ജനതയ്ക്കുണ്ട്. കൂട്ടായ്മയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും പ്രളയത്തെ അതിജീവിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും താക്കോൽ ദാനം നിർവഹിച്ചു കൊണ്ട് എം.പി ഡീൻ കുര്യാക്കോസ് പറഞ്ഞു. എം.എൽ.എ റോഷി അഗസ്റ്റ്യൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണം പൂർത്തിയായ പാർപ്പിട സമുച്ഛയങ്ങളിലേക്കുള്ള റോഡ് നിർമ്മാണത്തിന് എംഎൽഎ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ അനുവദിക്കുമെന്നും റോഷി അഗസ്റ്റ്യൻ പ്രഖ്യാപിച്ചു. ജില്ലാകളക്ടർ എച്ച്.ദിനേശൻ നാടമുറിച്ചും ആശംസകളറിയിച്ചും കുടുംബങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു. സന്നദ്ധ സംഘടനകളായ ഇടുക്കി ജില്ല വനിത കൗൺസിൽ, കട്ടപ്പന സെന്റ്. ജോൺ ഓഫ് ഗോഡ് ബ്രദേഴ്സ്, സന്നദ്ധ പ്രവർത്തകരും സംയുക്തമായാണ് സ്ഥലം വാങ്ങി പ്രളയബാധിതർക്ക് ഭവനം നിർമിച്ച് നൽകിയത്. 80 സെന്റ് സ്ഥലത്ത് 16 വീടുകളും കമ്യൂണിറ്റി ഹാളുമാണ് നിർമിക്കുന്നത്. ഇതിൽ 5 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറി. ബാക്കി 11വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. മണിയാറംകുടി കൂനമ്മാവ് സിറ്റി പാർപ്പിട സമുച്ഛയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി,ത്രിതല പഞ്ചായത്ത് അംഗങ്ങളായ ലിസമ്മ സാജൻ, ഷിജോ തടത്തിൽ, കെ.എം. ജലാലുദ്ദീൻ, ഇടുക്കി ബിഷപ്പ് ജോൺ നെല്ലിക്കുന്നേൽ, ബ്രദർ ജോസ് മാത്യു, ജില്ലാ വനിത കൗൺസിൽ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രഹാം, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.