കട്ടപ്പന: ജനശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ സ്ത്രീ സുരക്ഷാ സേനയുടെ രൂപീകരണവും ബോധവത്കരണ സെമിനാറും നടത്താൻ തീരുമാനിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അക്രമങ്ങൾക്ക് അറുതി വരുത്താൻ കരുത്തുറ്റ വനിതാ സംരക്ഷണ സേനയ്ക്കാണ് രൂപം നൽകുന്നത്. ഒരു പഞ്ചായത്തിൽ നിന്ന് 25 വനിതകളെയാണ് സ്തീ സംരക്ഷണ സേനയിലേയ്ക്ക് ആദ്യം ഉൾപ്പെടുത്തുന്നത്. വിവിധ സംഘടനകളുടെയും സർക്കാർ നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പരിപാടികളുമായി സഹകരിച്ചുമാണ് സ്ത്രീ സുരക്ഷാ സേന പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ജനശ്രീ ജില്ലാ ചെയർമാൻ വൈ.സി. സ്റ്റീഫൻ അറിയിച്ചു. ലഹരിക്കടിമയായവരെയും സ്ഥിരം കുറ്റവാളികളെയും സ്ത്രീകളോടും കുട്ടികളോടും അക്രമം കാണിക്കുന്നവരുടെയും സാമൂഹ്യ വിരുദ്ധരുടെയും പേര് വിവരങ്ങൾ രഹസ്യ സർവേ വഴി പഞ്ചായത്ത് തലത്തിൽ ശേഖരിച്ച് അതത് പൊലീസ് സ്റ്റേഷനിലും പൊലീസ് സൂപ്രണ്ടിനും ജില്ലാ കളക്ടർക്കും ആദ്യ പടിയായി നൽകും. ജില്ലാതല പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 11ന് രാവിലെ 11ന് കുമളി ജനശ്രീ ആഡിറ്റോറിയത്തിൽ നടത്തുമെന്ന് ചെയർമാൻ അറിയിച്ചു.