മറയൂർ: വനം വകുപ്പ് ചന്ദന തൈല ഇ ലേലത്തിലൂടെ അഞ്ച്കി ലോ തൈലം വിറ്റഴിച്ചു.ഒരു കിലോ തൈലത്തിന് നികുതി കൂടാതെ 2,33,500 രൂപയാണ് വിലയായി ലഭിച്ചത്. കോഴിക്കോട് ആസ്ഥാനമായിട്ടുള്ള കേരള സോപ്പ്സ് എന്ന സ്ഥാപനമാണ് അടിസ്ഥാന വിലയിൽ നിന്നും 500 രൂപ കൂട്ടി ലേലത്തിൽ തൈലം പിടിച്ചത്. ലേലത്തിൽ പങ്കെടുക്കായി ഇന്ത്യയിലെ ചന്ദന ഉത്പന്നങ്ങളുടെ നിർമാണത്തിൽ പ്രധാന കമ്പനിയായ കർണ്ണാടക സോപ്സ് ആന്റ് ഡിറ്റർ ജെന്റ് കമ്പനി നിരതദ്രവ്യം അടച്ചെങ്കിലും ലേലത്തിൽ പങ്കെടുത്തില്ല. കേരളത്തിൽ വിവിധ മേഖലകളിൽ നിന്നും തൊണ്ടിയായി പിടിച്ചെടുത്ത 600 കിലോ ചന്ദനതൈലത്തിൽ നിന്നും 100 കിലോ ചന്ദനതൈലമാണ് ഇത്തവണ ലേലത്തിൽ വച്ചിരുന്നത്.മുൻപ് നടന്ന ലേലങ്ങളിൽ 9 കിലോ തൈലം ഇതേ വിലയ്ക്ക് വിറ്റിരുന്നു.
കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ മറയൂർ ചന്ദനം ഉപയോഗിച്ചു ഉത്പാദിപ്പിക്കുന്ന തൈലത്തിന്റെ ലേല അടിസ്ഥാന വില നികുതി കൂടാതെ 3.5 ലക്ഷം രൂപയാണ്. കയറ്റുമതിക്ക് അനുവാദമില്ലാത്തതിനാൽ ചന്ദനതൈലത്തിന് ഡിമാൻഡ് ഇപ്പോൾ അധികമായിട്ടില്ല.