marriage
വിവാഹശേഷം ചേപ്പാട് പ്രത്യാശാദീപം ബാലഭവനിലെ കുരുന്നുകൾക്കും അധികൃതർക്കുമൊപ്പം വിഷ്ണുവും ലിജിസ്റ്റിയും.

കട്ടപ്പന: പ്രണയം സഫലമാക്കി പ്രത്യാശാദീപം ബാലഭവനിലെ കുരുന്നുകളുടെ സാന്നിധ്യത്തിൽ വിഷ്ണു ലിജിസ്റ്റിയെ ജീവിതസഖിയാക്കി. കട്ടപ്പന പടനത്തറയിൽ രാജുവിജയമ്മ ദമ്പതികളുടെ മകൻ വിഷ്ണുവിന്റെയും അരൂർ തോപ്പിൽ അഗസ്റ്റിൻലിസി ദമ്പതികളുടെ മകൾ ലിജിസ്റ്റിയുടെയും വിവാഹത്തിനാണ് കഴിഞ്ഞദിവസം ചേപ്പാട് ബാലഭവൻ വേദിയായത്. വ്യത്യസ്ത മത വിഭാഗത്തിൽപെട്ട ഇരുവരും പ്രണയകാലത്ത് തന്നെ അനാഥകുഞ്ഞുങ്ങളുടെ സാന്നിധ്യത്തിൽ വിവാഹം കഴിക്കണമെന്നു തീരുമാനിച്ചിരുന്നു. കട്ടപ്പനയിലെ വ്യാപാരിയായ വിഷ്ണുവും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഒ.പി. വിഭാഗം പി.ആർ.ഒ ആയ ലിജിസ്റ്റിയും കുട്ടിക്കാനം മരിയൻ കോളജിലാണ് പഠിച്ചത്. വിഷ്ണുവിന്റെ ജൂനിയറായിരുന്ന ലിജിസ്റ്റി കോളജ് കാലഘട്ടം മുതൽ ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളിൽ പ്രത്യേക താൽപര്യം കാട്ടിയിരുന്നു. തുടർന്നുണ്ടായ സൗഹൃദമാണ് പ്രണയത്തിലും ഒടുവിൽ വിവാഹത്തിലേക്കും നയിച്ചത്. ഇരുവരും വീട്ടുകാരുടെ സമ്മതം വാങ്ങിയതോടെ അനാഥകുട്ടികളുടെ സാന്നിദ്ധ്യത്തിൽ വിവാഹം കഴിക്കണമെന്ന ആഗ്രഹം ചേപ്പാട് വർഷമായി പ്രവർത്തിച്ചുവരുന്ന പ്രത്യാശാദീപം ബാലഭവൻ ഡയറക്ടർ പി.ഡാനിയേലിനെ അറിയിച്ചു. ഡാനിയേൽ മുൻകൈയെടുത്ത് ബാലഭവനിൽ വിവാഹവേദിയൊരുക്കുകയായിരുന്നു. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഇവിടെയുണ്ട്. ചടങ്ങൾക്കുശേഷം കുട്ടികൾക്കൊപ്പം വിവാഹസദ്യ കഴിച്ചും അവർക്ക് സമ്മാനങ്ങൾ നൽകിയുമാണ് ഇരുവരും മടങ്ങിയത്.