വണ്ടിപ്പെരിയാർ: ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസിന്റെ സപ്തദിന ക്യാമ്പ് 'സുവർണം 2019'ൽ 'എന്റെ അടുക്കളയ്ക്ക് എന്റെ തോട്ടം' പദ്ധതിക്ക് തുടക്കം കുറിച്ചു. എൻ.എസ്.എസ് സുവർണജൂബിലി വർഷത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ പഞ്ചായത്ത് 19-ാം വാർഡിലെ 50 വീടുകളിൽ പച്ചക്കറിത്തോട്ടം നിർമിച്ചു കൊണ്ടാണ് എൻ.എസ്.എസ് വോളണ്ടിയേഴ്‌സ് മാതൃകയായിരിക്കുന്നത്. ഗാന്ധി ജയന്തിയോടനുബന്ധിച്ചു കോളേജ് അങ്കണത്തിൽ തുടങ്ങിയ പ്രവർത്തനമാണ് വണ്ടിപ്പെരിയാറിലേക്കു വ്യാപിപ്പിച്ചിരിക്കുന്നത്. വാർഡ് മെമ്പർ കലൈവാണിയുടെയും പ്രദേശവാസികളുടെയും ആത്മാർത്ഥമായ സഹകരണം എൻ.എസ്.എസ് വോളണ്ടിയേഴ്‌സിന് ആവേശം പകർന്നു. വിദ്യാർത്ഥികളിൽ കാർഷികവൃത്തിയോട് ആഭിമുഖ്യം വളർത്തുന്നതിന് ഈ വർഷത്തെ കർഷകതിലകം അവാർഡ് ജേതാവ് ബിൻസി ജെയിംസ് വോളണ്ടിയേഴ്‌സിന് മാർഗനിർദേശങ്ങൾ നൽകി. വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി ചേർന്ന് പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ ബ്ലഡ് ഗ്രൂപ്പിങ്ങും രോഗനിർണയ ക്യാമ്പും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി ഉദ്ഘാടനം ചെയ്തു. നൂറിൽപരംപേർ ചികിത്സ തേടിയ ക്യാമ്പിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഡോൺ ബോസ്‌കോ, അസിസ്റ്റന്റ് സർജൻ ഡോ. വിപിൻ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രോഗനിർണയ ക്യാമ്പും തുടർന്ന് സൗജന്യ മരുന്നു വിതരണവും നടത്തി. കോളേജ് പ്രിൻസിപ്പൽ സനൂജ് സി. ബ്രീസ്‌വില്ല, പ്രോഗ്രാം ഓഫീസർമാരായ സുകന്യമോൾ സുരേഷ്, സഞ്ജു എസ്. ആനന്ദ്, വോളണ്ടിയർ സെക്രട്ടറി അലീന മൈക്കിൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.