തൊടുപുഴ: നഗരസഭ കൗൺസിൽ യോഗം നടക്കവേ ഹാളിന് മുന്നിൽ കിടപ്പ് സമരവുമായി 97 വയസ്സുള്ള വൃദ്ധയായ പുതുപ്പാടി സൈനബ അബ്‌ദുൾ കരീമും കുടുംബവും എത്തി.
പുനരധിവസിപ്പിക്കാമെന്ന് പറഞ്ഞ് പുറമ്പോക്കിൽ നിന്ന് കുടിയൊഴിപ്പിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും വീടും സ്ഥലവും നൽകിയില്ലെന്ന ആക്ഷേപവുമായിട്ടാണ് ഇവർ നഗരസഭ ഹാളിൽ കിടപ്പു സമരവുമായി എത്തിയത്. പ്രായത്തിന്റെ അവശതകൾ അനുഭവിക്കുന്ന സൈനബയും കുടുംബവും രണ്ട് വർഷമായി പട്ടയംകവലയിലെ സാംസ്‌കാരിക നിലയത്തിലാണ് താമസിക്കുന്നത്. സൈനബയും കുടുംബവും വാഹനങ്ങൾ ചീറിപ്പായുന്ന റോഡരികിലെ പുറമ്പോക്കിൽ അപകടാവസ്ഥയിലാണ് താമസിക്കുന്നതെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമീപവാസിയാണ് ഹൈക്കോടതിക്ക് പരാതി നൽകിയത്. ഹൈക്കോടതി ഇവരെ ഇവിടെ നിന്ന് ഒഴിപ്പിച്ച് പുനഃരധിവസിപ്പിക്കാൻ നഗരസഭയോട് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ, ഇവരെ ഇവിടെ നിന്നൊഴിവാക്കാൻ ദുരുദ്ദേശപരമായാണ് സമീപവാസി പരാതി നൽകിയതെന്ന ആരോപണം ഉയർന്നു. 2017 സെപ്റ്റംബർ എട്ടിനാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ഇവരെ പട്ടയംകവലയിലെ റോഡിലെ പുറമ്പോക്കിൽ നിന്ന് ഒഴിപ്പിക്കുന്നത്. പകരം വീടും സ്ഥലവും നൽകുന്നത് വരെ അടുത്തുള്ള സാംസ്‌കാരിക നിലയത്തിൽ താമസത്തിനുള്ള സൗകര്യമൊരുക്കി. രണ്ട് വർഷം കഴിഞ്ഞിട്ടും സ്ഥലവും വീടും നൽകാനുള്ള നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. 12 സെന്റ് സ്ഥലത്തിന് പകരമായി 4 സെന്റ് സ്ഥലവും വീടും നൽകാമെന്നാണ് ഉറപ്പ് തന്നിരുന്നതെന്ന് അയിഷ പറഞ്ഞു. ഇനിയും അതിന് നടപടിയെടുത്തില്ലെങ്കിൽ മരണം വരെ നിരാഹാരമിരിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ വിഷയത്തിൽ അലംഭാവം കാട്ടിയിട്ടില്ലെന്ന് ചെയർപേഴ്സണ് ജെസി ആൻറണി പറഞ്ഞു. സൈനബയ്ക്കും കുടുംബത്തിനും പുരയിടത്തിനായി അനുവദിച്ച ഭൂമിയിലേക്കുള്ള വഴി കണ്ടെത്തി നൽകാൻ നഗരസഭ സെക്രട്ടറി രാജശ്രീ പി.നായർ, കൗൺസിലർമാരായ സുധാകരൻ നായർ, കെ.കെ. ഷിംനാസ് എന്നിവരെ കൗൺസിൽ ചുമതലപ്പെടുത്തി. ഇവർ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് റീസർവ്വേ നടത്തി ഇവർക്കുള്ള വഴി കണ്ടെത്താൻ നടപടി സ്വീകരിക്കും. ഇതിന് സാധിച്ചില്ലെങ്കിൽ നഗരസഭയിൽ നിന്നും ഇവർക്ക് സ്ഥലം വാങ്ങുന്നതിനായി 2,70.000 രൂപ അനുവദിക്കുകയും സ്ഥലം വാങ്ങുന്നതനുസരിച്ച് ഇവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ അനുവദിച്ച് ഇവർക്ക് വീട് നിർമ്മിച്ചു നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.