കട്ടപ്പന: കൊടുംചൂടും കനത്ത മൂടൽമഞ്ഞും മൂലം തേയിലച്ചെടികൾ കരിഞ്ഞുണങ്ങുന്നതിനു പിന്നാലെ പച്ചക്കൊളുന്തിനു വിലയിടിച്ച് ഫാക്ടറികളുടെ തീവെട്ടിക്കൊള്ള. ഡിസംബറിൽ അടിസ്ഥാനവിലയായി കിലോഗ്രാമിനു 10.86 രൂപ ഉണ്ടായിരുന്നിട്ടും ചെറുകിട കർഷകർക്ക് ലഭിക്കുന്നത് എട്ടുമുതൽ 8.30 രൂപവരെയാണ്. അടിസ്ഥാന വിലയേക്കാൾ കുറഞ്ഞതുകയ്ക്കാണ് ചില ഫാക്ടറികൾ കർഷകരിൽ നിന്നു പച്ചക്കൊളുന്ത് വാങ്ങുന്നത്. സീസൺ ആയിരുന്നിട്ടും രോഗബാധ മൂലം ഉൽപാദനം കുത്തനെയിടിഞ്ഞത് കർഷകരെ കടക്കെണിയിലേയ്ക്ക് തള്ളിവിടുകയാണ്. തേയിലക്കൃഷി മാത്രം ഉപജീവനമാർഗമാക്കി മുന്നോട്ടുപോകുന്ന ചെറുകിടക്കാരുടെ പച്ചക്കൊളുന്തിന് വിലയിടിച്ച് ഫാക്ടറികളും പ്രതിസന്ധിയിലാക്കുന്നു. പലപ്പോഴും തൊഴിലാളികൾക്ക് നൽകാനുള്ള കൂലി പോലും പച്ചക്കൊളുന്ത് വിൽക്കുമ്പോൾ ലഭിക്കാറില്ല. കൊളുന്തെടുക്കുന്ന തൊഴിലാളിക്ക് 600 മുതൽ 650 രൂപ വരെയാണ് കൂലി. എന്നാൽ ഒരു തൊഴിലാളി പ്രതിദിനം വിളവെടുക്കുന്നത് 25 മുതൽ 35 കിലോ പച്ചക്കൊളുന്ത് മാത്രമാണ്. ഇതേത്തുടർന്ന് പല ചെറുകിട തോട്ടങ്ങളിലും തൊഴിലാളികളെ ഒഴിവാക്കി കർഷകർ കുടുംബസമേതമാണ് കൊളുന്ത് എടുക്കുന്നത്. ഉൽപാദനച്ചെലവ് പോലും കൃഷിയിൽ നിന്നു ലഭിക്കാത്തതിനാൽ പലരും വിളവെടുക്കാൻ മടിക്കുകയാണ്.
വില നിർണയക്കമ്മിറ്റി ഒക്‌ടോബറിൽ 8.30 രൂപയും നവംബറിൽ 9.60 രൂപയുമായിരുന്നു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ വീണ്ടും വില ഉയർന്നിട്ടും കർഷകർക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയാണ്. നിലവിൽ ഗുണനിലവാരമനുസരിച്ച് 250 മുതൽ 4000 രൂപ വരെയാണ് തേയിലപ്പൊടിക്ക് കിലോഗ്രാമിനു വില.
എല്ലാമാസവും രണ്ടുതവണ കൊച്ചിയിൽ തേയിലയുടെ ലേലം നടക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ തേയിലപ്പൊടിയാണ് ഫാക്ടറികളുടെ ഏജന്റുമാർ കർഷകരുടേതെന്ന വ്യാജേന ലേലത്തിൽ കൊണ്ടുവരുന്നത്. ഇതിനു 100 രൂപയിൽ താഴെ വില നിശ്ചയിച്ചശേഷമാണ് ചെറുകിട കർഷകരുടെ പച്ചക്കൊളുന്തിനു വിലയിടിക്കുന്നത്. മുമ്പ് വില കുത്തനെ ഇടിക്കുമ്പോൾ കർഷകർ ഫാക്ടറികൾക്കുമുമ്പിൽ പട്ടിണിസമരമുൾപ്പെടെ നടത്തിയാണ് ഭേദപ്പെട്ട വില ലഭ്യമാക്കിയിരുന്നത്.


കരിഞ്ഞുണങ്ങി പ്രതീക്ഷകൾ

കൊടുംചൂടും കോടമഞ്ഞും മൂലം ജില്ലയിലെ തേയിലക്കൃഷിയുടെ 30 ശതമാനത്തോളം കരിഞ്ഞുണങ്ങിയിരിക്കുകയാണ്. വൻകിട തോട്ടങ്ങളിൽ ചെക്ക്ഡാം ഉൾപ്പെടെയുള്ള ജലസേചന സൗകര്യങ്ങൾ ഉള്ളപ്പോൾ ചെറുകിട കർഷകർ നിസഹായരായി നോക്കിനിൽക്കുന്നത്. രാവിലെ വരെയുള്ള കനത്ത മൂടൽമഞ്ഞും തുടർന്നുള്ള പകൽച്ചൂടും മൂലം ചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങുകയാണ്. ടീ ബോർഡിന്റെ നിർദേശപ്രകാരം കർഷകർ ചൂടിനെ പ്രതിരോധിക്കാൻ കയോലിൻ എന്ന പൊടി വിതറിയിരുന്നു. എന്നാൽ ചെറുപ്രാണികളുടെ ആക്രമണം കൂടിയായതോടെ തേയിലച്ചെടികൾ അതിവേഗം കരിഞ്ഞുണങ്ങുകയാണ്. വെട്ടിക്കളഞ്ഞശേഷം അതേചെടിയിൽ പുതിയ നാമ്പ് കിളിർക്കാൻ 45 ദിവസം വേണ്ടിവരും. തേയിലക്കൃഷിയെ മാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങൾ ഒന്നരമാസത്തോളം പട്ടിണിയിലാകുന്ന സ്ഥിതിയാണ്.


ആനുകൂല്യം കിട്ടാക്കനി

2017 ഫെബ്രുവരി രണ്ടിന് ടീ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇടുക്കി എ.ഡി.എം എന്നിവരുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ചേർന്ന യോഗത്തിൽ കർഷകർക്കനുകൂലമായി നിരവധി തീരുമാനങ്ങൾ എടുത്തിരുന്നു. വിവിധ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കർഷകർക്കും സംഘങ്ങൾക്കും ടീ ബോർഡ് നൽകാനുള്ള തുക മൂന്നുവർഷമായിട്ടും വിതരണം ചെയ്തിട്ടില്ല.
പുതുക്കൃഷി, റീപ്ലാന്റ്, കുഴൽക്കിണർ നിർമാണം, ഹാർവെസ്റ്റ് മെഷീൻ, വാഹനം എന്നീ വിഭാഗങ്ങളിലായി 1.40 കോടി രൂപയാണ് നൽകാനുള്ളത്. ഇതിൽ വാഹനങ്ങൾ വാങ്ങിയവരുടെ 35 ലക്ഷം രൂപ മാത്രമേ നൽകിയിട്ടുള്ളൂ. 85 ലക്ഷം രൂപ 2017 മാർച്ച് 31 ന് മുമ്പ് നൽകാമെന്നുള്ള ടീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഉറപ്പും പാഴായി. ബാക്കി നൽകാനുള്ള തുക എന്നു വിതരണം ചെയ്യുമെന്നുപോലും വിവരമില്ല. അതേസമയം വൻകിട തോട്ടങ്ങൾക്ക് നൽകാനുണ്ടായിരുന്ന 16 കോടി രൂപയും ടീ ബോർഡ് കൊടുത്തു. റീ പ്ലാന്റ് ചെയ്യുന്നതിന് തോട്ടങ്ങൾക്ക് ഹെക്ടറിനു എട്ടുലക്ഷം രൂപയും പുതുക്കൃഷിക്ക് ആറുലക്ഷം രൂപയുമാണ് ടീ ബോർഡ് നൽകുന്നത്.


അന്ന് 16 രൂപ: ഇന്ന് 8.30 രൂപ

20 വർഷം മുമ്പ് 16 രൂപയായിരുന്നു പച്ചക്കൊളുന്തിനു വില. തൊഴിലാളികൾക്ക് അന്നത്തെ കൂലി 125 രൂപ. ഇന്ന് പച്ചക്കൊളുന്തിനു 8.30 രൂപ മാത്രം വിലയുള്ളപ്പോൾ തൊഴിലാളികളുടെ കൂലി 650 രൂപ. രണ്ടു പതിറ്റാണ്ടിനിപ്പുറം കൂലി കൊടുക്കാനുള്ള പച്ചക്കൊളുന്ത് പോലും ഒരുദിവസം വിളവെടുക്കാൻ കഴിയുന്നില്ല. ഉപ്പുതറ, വളകോട്, മാട്ടുത്താവളം, കുവലേറ്റം, പുളിങ്കട്ട, കോട്ടമല, കാപ്പിപതാൽ, വാഗമൺ, പുള്ളിക്കാനം, ഏലപ്പാറ, പാമ്പനാർ, കൊച്ചുകരിന്തരുവി, പശുപ്പാറ, ആനച്ചാൽ, കുഞ്ചിത്തണ്ണി, അറക്കുളം, മൂലമറ്റം, കാൽവരിമൗണ്ട്, ഡബിൾകട്ടിങ്, കാമാക്ഷി, തോപ്രാംകുടി, പുഷ്പഗിരി, ചെമ്പകപ്പാറ, നിർമലാസിറ്റി എന്നീ മേഖലകളിലെ 13,000ൽപ്പരം ചെറുകിട കർഷകരാണുള്ളത്.