ഇടുക്കി: ജില്ലയിൽ പട്ടയമേള ജനുവരി അവസാനം നടത്താനാകുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ. പട്ടയവിതരണ നടപടികളുടെ പുരോഗതി വിലയിരുത്താനായി ചേർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ജില്ലയിലെ മൂന്നാമത്തെ പട്ടയമേളയാണ് ജനുവരിയിൽ നടത്തുക. 1993ലെ വനഭൂമി ക്രമീകരണ റൂൾ പ്രകാരവും 1964ലെ ഭൂമിപതിവു ചട്ടപ്രകാരവുമുള്ള പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ജില്ലയിൽ അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകുക എന്ന ലക്ഷ്യത്തോടെ ഭൂമിപതിവ് ഓഫിസുകളായ പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശ്ശേരി, ഇടുക്കി, കരിമണ്ണൂർ, രാജകുമാരി എന്നിവയിലും ഇടുക്കി, തൊടുപുഴ, ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കാഫീസുകൾ കേന്ദ്രീകരിച്ചു യുദ്ധകാലാടിസ്ഥാനത്തിലുള്ള അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാരായ എസ്. ഹരികുമാർ, സാബു കെ. ഐസക്, ജോളി ജോസഫ്, എം.എൻ. രതി തുടങ്ങിയവർ പങ്കെടുത്തു.