കട്ടപ്പന: ഇരട്ടയാർ പഞ്ചായത്ത് ആയുർവേദ ആശുപത്രി കുത്തിത്തുറന്ന് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരിഷ്ടവും മരുന്നും നശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് വാതിലിന്റെ പൂട്ട് തകർത്ത് മോഷ്ടാവ് ഉള്ളിൽ കടന്നത്. കുപ്പികൾ പൊട്ടിച്ച് അരിഷ്ടവും മരുന്നും വാതിലിലും തറയിലും ഒഴിച്ച നിലയിലാണ്. രാവിലെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയവരാണ് വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു.
ഡോക്ടർ അറിയിച്ചതനുസരിച്ച് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളും സെക്രട്ടറിയും സ്ഥലത്തെത്തി കട്ടപ്പന പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയുടെ പരിസര പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നു പരാതിയുണ്ട്.