തൊടുപുഴ: ഗാന്ധി സ്‌ക്വയറിന് സമീപമുള്ള പഴയ ബസ് സ്റ്റാൻഡിന് പുറകുവശത്തുള്ള ഭൂമിയുടെ ജണ്ട അളന്ന് തിരിക്കാൻ എത്തിയ റേഞ്ച് ഓഫിസറടക്കമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ ചൊവ്വാഴ്ച നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തടഞ്ഞു. നഗരസഭയും വനം വകുപ്പും തമ്മിൽ തർക്കം തുടരുന്നതിനിടെ തൊടുപുഴ റേഞ്ച് ഓഫിസർ ജോബിന്റ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ എത്തിയത് . ജണ്ട തിരിക്കുന്നതിനായി ഭൂമി അളക്കുന്ന നടപടികൾ ആരംഭിച്ചതോടെ വിവരം പ്രദേശവവാസികൾ നഗരസഭയിൽഅറിയിക്കുകയായിരുന്നു. ഇതോടെ നഗരസഭ സെക്രട്ടറി എത്തി നഗരസഭയെ അറിയിക്കാതെ നടത്തുന്ന പരിശോധനകൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് നഗര സഭ ചെയർപേഴ്‌സൺ ജെസി ആൻണിയുടെ നേതൃത്വത്തിൽ നഗരസഭയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും കൗൺസിലർമാരും സെക്രട്ടറിയുമടങ്ങുന്നവർ ചർച്ച നടത്തി. യോഗത്തിൽ നഗരസഭക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നോട്ടീസും ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകളും നൽകിയ ശേഷം പരിശോധനാ നടപടികൾ ആരംഭിക്കാവൂ എന്ന തീരുമാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിപ്പോയി.
1994ൽ റവന്യൂ ടവർ നിർമിക്കുന്നതിനായാണ് വനംവകുപ്പും നഗരസഭയും ഭൂമി ഹൗസിങ് ബോർഡിന് വിട്ടുകൊടുത്തതെന്നാണ് വിവരം. തഹസിൽദാരടക്കമുള്ളവർ പരിശോധിച്ച് പുറേമ്പാക്ക് ഭൂമിയാണിവിടെയുള്ളതെന്ന് അറിയിച്ചിരുന്നതായി നഗരസഭ അധികൃതരും വാദിക്കുന്നു. നഗരസഭയുടെ മേൽനോട്ടത്തിലിരിക്കുന്ന ഭൂമിയിൽ മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധനകളായതിനാലാണ് നിർത്തിവെക്കാൻ നിർദേശം നൽകിയെതന്ന് സെക്രട്ടറിയും പ്രതികരിച്ചു.
അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്ററുടെ നിർദേശത്തെ തുടർന്നാണ് ഭൂമി അളന്ന് തിരിക്കാനെത്തിയതെന്ന് റേഞ്ച് ഓഫിസർ ജോബ് ചൂണ്ടിക്കാട്ടി. ഓക്‌സിജൻ പാർക്ക് എന്ന ആശയം ലക്ഷ്യമിട്ട് പ്രദേശത്ത് ഒരു പദ്ധതി ആവിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്. വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും തുടർ നടപടികൾ ആലോചിച്ച് കൈക്കൊള്ളുമെന്നും റേഞ്ചോഫിസർ പറഞ്ഞു