joseph
സൂര്യഗ്രഹണം വീക്ഷിക്കുന്ന പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: നൂറ്റാണ്ടിലെ സൂര്യഗ്രഹണം ഇടുക്കി ജില്ലയിൽ ആഘോഷമായി മാറി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പല സംഘടനകളുടെ നേതൃത്വത്തിൽ സൂര്യഗ്രഹണം വീക്ഷിക്കാൻ വിപുലമായ സംവിധാനമൊരുക്കിയിരുന്നു. മറയൂർ,​ മൂന്നാർ,​ രാജാക്കാട്,​ തൊടുപുഴ എന്നിവിടങ്ങളിലായി നിരവധിപ്പേർ സൂര്യഗ്രഹണം കണ്ടു. തൊടുപുഴ ന്യൂമാൻ കോളേജ്,​ പ്രൈവറ്റ് ബസ് സ്റ്റാൻഡ്,​ വെങ്ങല്ലൂർ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയിരുന്നു. പോളിമർ ഫിൽട്ടർ, മിറർ റിഫ്ളക്ടർ, പിൻ ഹോൾ കാമറ എന്നിവ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ ഉൾപ്പടെ നൂറുകണക്കിന് പേർ സൂര്യഗ്രഹണം കാണാനും കുട്ടികളുമായി സംവദിക്കാനുമായി എത്തിച്ചേർന്നു. രാവിലെ 8.05ന് കോളേജ് ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ സൂര്യഗ്രഹണ വീക്ഷണം ഉദ്ഘാടനം ചെയ്തു. മൂലമറ്റം സെന്റ് ജോസഫ് കോളേജ്, എം.ഇ.എസ് കോളേജ് മാറമ്പള്ളി, എം.ഇ.എസ് കോളേജ് നെടുങ്കണ്ടം, ഗവ. സ്‌കൂൾ തട്ടക്കുഴ, വിവിധ സ്‌കൂളുകൾ, അംഗനവാടികൾ തുടങ്ങി 14 സ്ഥലങ്ങളിൽ ബോധവത്ക്കരണ ക്ലാസുകളും ഫിൽട്ടർ വിതരണവും നടത്തി. വിദ്യാർത്ഥികൾ ചേർന്ന് സൂര്യഗ്രഹണത്തിന്റെ സുരക്ഷിത വീക്ഷണത്തെപ്പറ്റി വീഡിയോ തയ്യാറാക്കുകയും യൂട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളിൽ കൂടി സൂര്യഗ്രഹണത്തെപറ്റിയുള്ള ബോധവത്കരണം നടത്തുകയും ചെയ്തു.