തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലുള്ള കാർഷികമേള 2020 ന് ഇന്ന് തിരി തെളിയും. വൈകിട്ട് അഞ്ചിന് ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാർഷിക മേള 2020 ഉദ്ഘാടനം ചെയ്യും. ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആമുഖ പ്രസംഗം നടത്തും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണവും പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ വിശിഷ്ടാതിഥിയുമായിരിക്കും. എം.എൽ.എമാരായ പി.ടി. തോമസ്, എസ്. രാജേന്ദ്രൻ, സി.എഫ്. തോമസ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഇ.എസ്. ബിജിമോൾ, മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി, മുൻ എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, അഡ്വ. ജോയ്സ് ജോർജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സിനോജ് ജോസ്, മർട്ടിൽ മാത്യു, വാർഡ് കൗൺസിൽ പി.എ. ഷാഹുൽ ഹമീദ്, ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, ഇബ്രാഹിംകുട്ടി കല്ലാർ, വി.വി. മത്തായി, കെ. കെ. ശിവരാമൻ, എം.എസ്. മുഹമ്മദ്, ബിനു ജെ. കൈമൾ, കെ. സുരേഷ് ബാബു, ഷാഹുൽ പള്ളത്തുപറമ്പിൽ, പി.പി. അനിൽ കുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി നാസർ സൈര എന്നിവർ പ്രസംഗിക്കും. പ്രൊഫ. എം.ജെ. ജേക്കബ് സ്വാഗതവും അഡ്വ. ജോസഫ് ജോൺ നന്ദിയും പറയും. സർക്കാർ- അർദ്ധ സർക്കാർ സ്ഥാനപനങ്ങളുടേതടക്കം ഇരുന്നൂറിൽ പരം സ്റ്റാളുകൾ മേളയോടനുബന്ധിച്ചുണ്ടാകും.
കലാപരിപാടി ഇന്ന്
ഇന്നു വൈകിട്ട് ഏഴിന് പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ മുഖ്യാതിഥിയായി, പ്രശസ്ത പിന്നണി ഗായിക മഞ്ജരി നേതൃത്വം നൽകുന്ന സംഗീത വിസ്മയം. പ്രശസ്ത സിനിമാ താരം മിയ അവതരിപ്പിക്കുന്ന ഡാൻസും ഉണ്ടാകും.