മറയൂർ: അന്തർ സംസ്ഥാനപാതയിൽ മറയൂർ- മൂന്നാർ റോഡിൽ നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് അപകടം. കാർ യാത്രക്കാരായ പാലക്കാട് സ്വദേശി നീതിഷ് (30), ഭാര്യ ദിവ്യ (27) എന്നിവർക്ക് പരിക്കേറ്റു. ക്രിസ്മസ് ദിനത്തിൽ ആലുവയിൽ നിന്ന് കാന്തല്ലൂരിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസാണ് തലായാർ ഭാഗത്ത് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് എതിരെ വന്ന് വിനോദ സഞ്ചാരികളുടെ വാഹനത്തിലും റോഡരികിൽ നിറുത്തിയിട്ടിരുന്ന ആട്ടോറിക്ഷയിലും ഇടിച്ച ശേഷം തേയിലതോട്ടത്തിൽ ഇടിച്ചുകയറിയാണ് നിന്നത്. ബസിൽ നാല്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. വേഗത കുറവായതിനാൽ ഡ്രൈവർക്ക് ഒരുവിധം ബസ് നിയന്ത്രിക്കാൻ കഴിഞ്ഞത് വൻ അപകടം ഒഴിവാക്കി. പരിക്കേറ്റ ദമ്പതികളെ സമീപത്തെ തോട്ടം തൊഴിലാളി ലയങ്ങളിലുള്ളവർ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദ്ഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. കനത്ത മൂടൽ മഞ്ഞും മഴയും കാരണം സമീപ ദിവസങ്ങളിൽ മൂന്നാർ- മറയൂർ പാതയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.