മുട്ടം: മദ്യപിച്ച് അതിക്രമം കാണിക്കുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ മുട്ടം എസ്.ഐയടക്കമുള്ള പൊലീസുകാർക്ക് നേരെ കൈയേറ്റം. ബുധനാഴ്ച രാത്രി 8.30ന് മ്രാല മൂന്നാം മൈൽ കാട്ടൊലി ഭാഗത്താണ് സംഭവം. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ ക്രിസ്തുമസ് രാത്രിയിൽ മദ്യപാനിയായ ഒരാൾ അതിക്രമം കാണിക്കുന്നതായി തൊടുപുഴ കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയ മുട്ടം സ്റ്റേഷനിലെ എസ്.ഐ ബൈജു പി. ബാബുവിനും സംഘത്തിനും നേരെയാണ് കൈയേറ്റമുണ്ടായത്. കാട്ടോലി എന്ന സ്ഥലത്തുള്ള പട്ടിക വിഭാഗ കോളനിയിലെ പൊതു ടാപ്പിൽ നിന്ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടുചാലിൽ തങ്കമ്മയെന്ന വീട്ടമ്മയുമായി അമ്പാനാപ്പള്ളിയിൽ ശ്രീനാഥ് (28) മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. ഇത് എസ്.ഐ ചോദ്യം ചെയ്യുന്നതിനിടെ സമീപത്തുള്ള വീട്ടിൽ നിന്ന് ഇറങ്ങി വന്ന അമ്പാനാപ്പള്ളിയിൽ കെ.കെ. വനജയും (43), പാലക്കാട് കരിമ്പ സ്വദേശി അരുണും ചേർന്ന് എസ്.ഐയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തു. സംഭവത്തിൽ പരിക്ക് പറ്റിയ എസ്.ഐ ബൈജു പി. ബാബുവിനെ രാത്രിയിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അന്വേഷണത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തതിന് മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.