boat
ഇടുക്കി അണക്കെട്ടിൽ ബോട്ട് യാത്ര ചെയ്യുന്ന സഞ്ചാരികൾ

ചെറുതോണി: ഇടുക്കി,​ ചെറുതോണി അണക്കെട്ടുകൾ കാണാൻ സന്ദർശകരുടെ ഒഴുക്ക്.. ക്രിസ്തുമസ് അവധി ദിവസങ്ങളായ 24 നും 25നും 6337 മുതിർന്നവരും 956 കുട്ടകളുമാണ് എത്തിയത്. ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും വിദേശത്തുനിന്നുമായി നിരവധി സന്ദർശകരാണെത്തുന്നത്. ഡിസംബറിൽ മാത്രം 25000 പേർ അണക്കെട്ടു കാണാനെത്തി. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ഹൈഡൽ ടൂറിസമാണ് സന്ദർശനത്തിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിന് സമീപത്തുനിന്നാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. നടന്നുപോകാൻ കഴിയാത്തവർക്കായി ബഗ്ഗികാർ ഏർപ്പെടുത്തിയിട്ടുണ്ട്. 10 പേർക്ക് സഞ്ചരിക്കാവുന്ന അഞ്ചുകാറുകളാണുള്ളത്. ഒരാൾക്ക് ഒരു സൈഡിലേയ്ക്ക് 30 രൂപയാണ് ഫീസ്. തിരികെ വരേണ്ടവർക്ക് ഇടുക്കി ആർച്ച് ഡാമിന് സമീപത്ത് നിന്ന് ടിക്കറ്റ് ലഭിക്കും. ബഗ്ഗികാറിൽ യാത്ര ചെയ്യുന്നതിന് തിരക്കേറിയതിനാലാണ് ഒരു സൈഡിലേയ്ക്ക് മാത്രമായി ടിക്കറ്റ് നൽകുന്നത്. അതിനാൽ കുറെപ്പേർ ഇടുക്കിയിലെത്തിയശേഷം നടന്നുപോകുന്നതിനാൽ തിരിക്ക് നിയന്ത്രിക്കാൻ കഴിയുമെന്ന് സംഘാടകർ പറയുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ വെള്ളാപ്പാറയിലുള്ള ഹിൽവ്യൂ പാർക്കിലും ധാരാളം സന്ദർശകരെത്തുന്നുണ്ട്. ഇവിടെയും നിരവധി വിസ്മയ കാഴ്ചകളൊരുക്കിയിട്ടുണ്ട്. ഹൈഡൽ ടൂറിസം ഇത്തവണയും ബോട്ടിംഗ് ആരംഭിച്ചിട്ടില്ല. വനം വകുപ്പ് ഇടുക്കി ജലാശയത്തിൽ ബോട്ടിംഗ് നടത്തുന്നുണ്ട്. ബോട്ടിംഗിന് നല്ല തിരക്കാണനുഭവപ്പെടുന്നത്. അണക്കെട്ട് മാർച്ച് 31വരെ സന്ദർശകർക്ക് കാണുന്നതിന് അനുമതി നൽകിയിട്ടുണ്ട്.