കാഞ്ഞാർ: ഫോറസ്റ്ററെ ദേഹോപദ്രവം ചെയ്ത രണ്ടുപേർ പിടിയിൽ. അറക്കുളം കൊച്ചുപാറയിൽ ജിമ്മി (22), അറക്കുളം കളപ്പുരയ്ക്കൽ മനുകുട്ടൻ (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അറക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ ജോലിചെയ്യുന്ന ഫോറസ്റ്ററായ പി. ശ്രീകുമാറിനാണ് പരിക്കേറ്റത്. ഫീൽഡ് ഡ്യൂട്ടിക്കായി ശ്രീകുമാർ ഓഫീസിൽ നിന്ന് ഇറങ്ങി വരുന്ന വഴി രണ്ടുപേർ റോഡിൽ തടഞ്ഞ് അസഭ്യം പറഞ്ഞ് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ശ്രീകുമാറിന്റെ കാലിൽ പൊട്ടൽ ഉണ്ടാവുകയും ചെയ്തു. തുടർന്നുള്ള പരാതിയിലാണ് ഇരുവരെയും പിടികൂടിയത്. ഇരുവരുടെയും പേരിൽ ഇതിനു മുമ്പും ക്രിമിനൽ കേസുകളുണ്ട്. കാഞ്ഞാർ എസ്.ഐ കെ. സിനോദ്, എ.എസ്.ഐ സലിൽ, സി.പി.ഒമാരായ ബെന്നി, അജ്നാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.