തൊടുപുഴ: ഇടുക്കി നെഹ്രു യുവകേന്ദ്രയുമായി സഹകരിച്ച് ജില്ലാ യൂത്ത് ക്ലബ് തൊടുപുഴയിൽ സംഘടിപ്പിച്ച ബ്ലോക്ക്തല കായികമേള മുനിസിപ്പൽ ചെയർപേഴ്സൺ ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. തൊടുപുഴ പ്രസ്‌ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എം.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നെഹ്രു യുവകേന്ദ്ര യൂത്ത് കോ ഓർഡിനേറ്റർ കെ. ഹരിലാൽ, പ്രസ് ക്ലബ്ബ് സെക്രട്ടറി വിനോദ് കണ്ണോളി, യൂത്ത് ക്ലബ്ബ് ഭാരവാഹികളായ എൻ. രവീന്ദ്രൻ, എ.പി. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കാരംസ് മത്സരങ്ങൾ ആരംഭിച്ചു. ഡബിൾസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ വിൽസൺ കളരിക്കൽ, ടി.വി അഖിൽ എന്നിവരുടെ ടീം വിജയികളായി. വിനോദ് കണ്ണോളി, ബിനു തച്ചുക്കുഴി എന്നിവരുടെ ടീം റണ്ണേഴ്സ് അപ്പും ആയി. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. വോളിബോൾ മത്സരങ്ങൾ ഇന്ന് ചുങ്കം സെന്റ് മേരീസ് വോളി ക്ലബ്ബിലും ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ 29ന് ഇന്ത്യൻ സ്പോർട്സ് ബാറ്റ്മിന്റൺ അക്കാദമിയിലും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.