കട്ടപ്പന: നിരവധി കേസുകളിലെ പ്രതി ആട്ടോറിക്ഷ ഡ്രൈവറെ വെട്ടി ഗുരുതരമായി പരിക്കേൽപിച്ചു. കട്ടപ്പന അമ്പലക്കവല അയ്യൻവേലിൽ ഷാജിയ്ക്കാണ് (52) വെട്ടേറ്റത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതി അമ്പലക്കവല സ്വദേശി അഭിലാഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലരയോടെയാണ് സംഭവം. പ്രദേശവാസിയായ ഒരാളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്ന അഭിലാഷ് വാക്കത്തിയുമായാണ് നടന്നത്. അവിടെ നിന്ന് വരുന്നതിനിടെ ഷാജിയെ കാണുകയും വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിനിടെയാണ് വെട്ടിയത്. തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഷാജിയെ വെട്ടി പരിക്കേൽപിച്ച വിവരം അറിഞ്ഞ് അഭിലാഷിനെ തേടി എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ വാക്കത്തി വീശിയാണ് ഇയാൾ രക്ഷപ്പെട്ടത്.