കട്ടപ്പന: പുളിയൻമലയിലെ നഗരസഭ അറവുശാലയിലെ മാലിന്യം പുറത്തേയ്ക്ക് ഒഴുക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. സമീപത്തെ ഏലത്തോട്ടത്തിലേക്കും 45 ൽപ്പരം ആദിവാസി കുടുംബങ്ങൾ ഉപയോഗിക്കുന്ന കനാലിലേക്കുമാണ് മാലിന്യമൊഴുകിയെത്തുന്നത്. സാംക്രമിക രോഗ വ്യാപനത്തിനു ഇടയാക്കുന്ന നടപടിക്കെതി നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്. അന്യാർതൊളു സ്വദേശിനി മുരിക്കനാട്ട് വിനീത സന്തോഷിന്റെ ഏലത്തോട്ടത്തിനോട് ചേർന്നാണ് അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ രണ്ട് ടാങ്കുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതു നിറഞ്ഞു കവിഞ്ഞാണ് ഏലത്തോട്ടത്തിലേക്കും ഇതുവഴി ജലസ്രോതസ്സിലേക്കും മാലിന്യമൊഴുകുന്നത്. ടാങ്കിനുള്ളിൽ മാലിന്യങ്ങൾ നിറഞ്ഞാൽ ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കണമെന്ന നിർദേശവും അവഗണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് അറവുശാലയിലെ മാലിന്യം വലിയ അളവിൽ ഏലത്തോട്ടത്തിലേക്ക് ഒഴുക്കിയത്. ഇതു ചോദ്യം ചെയ്ത സമീപവാസികളോടും തോട്ടമുടമയോടും ജീവനക്കാർ മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ആളുകളുടെ പ്രതിഷേധം കനത്തപ്പോൾ മണ്ണിട്ടു മൂടിയ ശേഷം ജീവനക്കാർ സ്ഥലം വിട്ടു. അറവു ശാലയുടെ പരിസരം ഏറ്റവും വൃത്തിഹീനമായ സാഹചര്യത്തിലാണ്. കടുത്ത ദുർഗന്ധവും ഈച്ച ശല്യവും സമീപ സ്ഥലങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. അറവു ശാലയുടെ പ്രവർത്തനത്തിനെതിരെ തോട്ടമുടമ രണ്ടുമാസം മുമ്പ് നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും അന്വേഷണവുമുണ്ടായില്ല. ഏതാനും ദിവസം മുമ്പ് അറവ് ശാലയുടെ സമീപത്തുള്ള തോട്ടത്തിൽ പോത്തിനെ കശാപ്പ് ചെയ്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ മാലിന്യമൊഴുക്കി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. 45 ൽപ്പരം ആദിവാസി കുടുംബങ്ങൾ ദിവസേന ഉപയോഗിക്കുന്ന പളിയക്കുടിയിലെ കനാലിലേയ്ക്കാണ് അറവ് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത്. വെള്ളത്തിന് ദുർഗന്ധവും നിറവ്യത്യാസവും അനുഭവപ്പെടുന്നതായി ഇവർ പറയുന്നു.