കട്ടപ്പന: ആപത്ഘട്ടങ്ങളിൽ സുരക്ഷ ഒരുക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിനായി കേരള സിവിൽ ഡിഫൻസ് കട്ടപ്പന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കട്ടപ്പന അഗ്നിശമന സേന യൂണിറ്റിലാണ് ഡിഫൻസ് യൂണിറ്റ് ആരംഭിച്ചത്. ജീവൻ രക്ഷിക്കുക, ആപത്ഘട്ടങ്ങളിൽ സ്വത്തുക്കളുടെ നഷ്ടം പരമാവധി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളിൽ പൊതുജനത്തെ പ്രാപ്തരാക്കുക എന്നതാണ് യൂണിറ്റിന്റെ ലക്ഷ്യം. കട്ടപ്പന ഫയർ സ്റ്റേഷൻ ഓഫീസിൽ നടന്ന നഗരസഭ ഉപാധ്യക്ഷ ലൂസി ജോയി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ മനോജ് എംതോമസ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ റെജീന തോമസ്, ഫയർ ആൻഡ് റെസ്‌ക്യു സീനിയർ ഓഫീസർ ഗോപാലകൃഷ്ണൻ പി.കെ, സ്റ്റേഷൻ ഓഫീസർ ടി.കെ സന്തോഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ അനിൽ ജോർജ്, സാദിക്ക് റ്റി എച്ച്, ജോമോൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും നടന്നു. നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്നായി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.