മുട്ടം: സാമ്പത്തിക ഇടപാടിൽ കബളിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് മുട്ടം പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി മുട്ടം എള്ളുംപുറം അരീപ്ലാക്കിൽ സിബിയുടെ കാറ് മുട്ടം എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തു. പലിശയ്ക്ക് വാങ്ങിയ പണവും അതിന്റെ പലിശയും മുഴുവനായും തിരിച്ചടച്ചിട്ടും ചെക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തെന്ന് മാസങ്ങൾക്ക് മുമ്പ് വീട്ടമ്മ മുട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. വാഹനത്തിൽ തട്ടിക്കൊണ്ട് പോയി കുമരകത്തും വൈക്കത്തും ഹോട്ടലുകളിൽ വെച്ച് പീഡിപ്പിച്ചതായി വീട്ടമ്മ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തി വന്ന അന്വേഷണത്തിലാണ് ഇന്നലെ വാഹനം കസ്റ്റഡിയിൽ എടുത്തത്. മുട്ടം പൊലീസ് സ്റ്റേഷനിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഇത് വഴി സിബി ഓടിച്ച് വന്ന വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ചെക്കിന്റെ ഈടിന്മേലാണ് സിബിയിൽ നിന്ന് വീട്ടമ്മ പണം വാങ്ങിയത്. കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ കൊടുത്തിട്ടും ഈട് നൽകിയ ചെക്ക് വെച്ച് വീണ്ടും കേസ് കൊടുത്ത് പീഡിപ്പിച്ചതായി വീട്ടമ്മ പരാതിയിൽ പറഞ്ഞിരുന്നു. മുട്ടം എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി അന്വേഷണം നടത്തി വരുന്നു.