തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി എ പ്ലസിലേക്ക്. 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ ചേരുന്ന യോഗത്തിൽ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ ഗ്രേഡ് പ്രഖ്യാപനം നടത്തും. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരണത്തിന്റെ വാർഷികാഘോഷവും ഇതോടൊപ്പം നടക്കും. സാമ്പത്തിക വർഷത്തിൽ സംസ്ഥാന നാടകോത്സവമടക്കം വൈവിദ്ധ്യങ്ങളായ 68 പൊതുപരിപാടികളാണ് നടത്തിയത്. 18 പുരുഷ വനിതാ സ്വാശ്രയ സംഘങ്ങളിലായി 280 അംഗങ്ങൾ പ്രതിവാര യോഗങ്ങൾ ചേർന്നു വരുന്നു. ഞായറാഴ്ച അർബൻ ബാങ്ക് ഹാളിൽ ചേരുന്ന ഗ്രേഡ് പ്രഖ്യാപനയോഗം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി. സത്യൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് കെ.സി. സരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എ പ്ലസ് പ്രഖ്യാപനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ നിർവഹിക്കും. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരണത്തിന്റെ നൂറാം വാർഷിക പ്രഭാഷണം യുവജനക്ഷേമ ബോർഡിന്റെ മുൻ വൈസ് ചെയർമാൻ ടി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തും.