തൊടുപുഴ: പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ ഏരിയകളിൽ നിന്നായി 125 പ്രതിനിധികൾ പങ്കെടുക്കും.
ഇന്ന് വൈകിട്ട് അഞ്ചിന് മുനിസിപ്പൽ മൈതാനത്ത് ചേരുന്ന സാംസ്‌കാരിക സമ്മേളനം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ. രാമചന്ദ്രൻ അദ്ധ്യക്ഷനാവും. വൈകിട്ട് 7.30ന് മറയൂർ കുമ്മിട്ടാൻകുഴി ജഗദീശനും സംഘവും അവതരിപ്പിക്കുന്ന മലപ്പുലയാട്ടം അരങ്ങേറും. 29ന് രാവിലെ 10ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ശിവരാമൻ ചെറിയനാട് നഗറിൽ ആരംഭിക്കുന്ന പ്രതിനിധിസമ്മേളനം പുരോഗമന കലാ സാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കാഞ്ചിയാർ രാജൻ അദ്ധ്യക്ഷയാവും. സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കഥ, കവിത, ഉപന്യാസരചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം സംസ്ഥാന വൈസ് പ്രസിഡന്റ് എ. ഗോകുലേന്ദ്രൻ നിർവഹിക്കും.സാംസ്‌കാരിക പ്രതിസന്ധികളെ അതീജീവിക്കാനുള്ള കർമപദ്ധതികളും ആവിഷ്‌കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രൻ, കൺവീനർ പി.എം. നാരായണൻ, എസ്.ജി. ഗോപിനാഥൻ, എ.എൻ. ചന്ദ്രബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.