കട്ടപ്പന: മാസ്റ്റേഴ്സ് അത്ലറ്റിക് ഫെഡറേഷൻ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതൽ കട്ടപ്പന സെന്റ് ജോർജ് സ്‌കൂൾ സ്റ്റേഡിയത്തിൽ നടത്തമത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ജോയി ആനിത്തോട്ടം, ടി.എസ്. ബേബി, രഞ്ജിത് മാലിയിൽ എന്നിവർ അറിയിച്ചു. മദ്ധ്യവയസ്‌കർക്കും വയോജനങ്ങൾക്കും ജീവിതശൈലി രോഗങ്ങളെ അതിജീവിക്കാനായി വ്യായാമ പരിശീലനം ശീലമാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നത്. 35 മുതൽ 50 വയസു വരെ പ്രായമുള്ളവർക്ക് അഞ്ച് കിലോമീറ്ററും 50 മുതൽ 90 വയസു വരെ നാലു കിലോമീറ്ററും 35 വയസ് പിന്നിട്ട വനിതകൾക്ക് മൂന്നു കിലോമീറ്ററും എന്നീ വിഭാഗങ്ങളിലാണു മത്സരം.
ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 3001, 2001, 1001 രൂപ കാഷ് അവാർഡ് നൽകും. നടത്തം പൂർത്തിയാക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മനവും നൽകും. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എൻ. കൃഷ്ണൻകുട്ടി മത്സരം ഉദ്ഘാടനം ചെയ്യും. കട്ടപ്പന പബ്ലിക് ലൈബ്രറിയിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ സൗജന്യമായി പേര് നൽകാം.