തൊടുപുഴ: നാളെ നടത്തുന്ന 'പൊതുയിടം എന്റേതും' എന്ന പദ്ധതി ജില്ലയിൽ തൊടുപുഴ, കട്ടപ്പന നഗരസഭകളിൽ നടത്തും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തൊടുപുഴ കട്ടപ്പന നഗരസഭകളിൽ വിപുലമായ സംവീധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന വനിത - ശിശു വകുപ്പ്, നിർഭയ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളിൽ നിർഭയ ദിനമായ നാളെ രാത്രി 11 മുതൽ വെളുപ്പിന് 1 വരെ വനിതകളുടെ രാത്രി നടത്തം ( നൈറ്റ് വാക്ക് ) സംഘടിപ്പിക്കുന്നു എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.സ്ത്രീകൾക്ക് ഒറ്റക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടോ രാത്രി നടത്തത്തിൽ പങ്കെടുക്കാം.രാത്രി നടത്തിനായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ 200 മീറ്റർ അകലത്തിൽ വളിയന്റർമാർ ഉണ്ടാവും. ജനമൈത്രി പൊലീസിന്റെ സഹായത്തോടെ ക്രൈം സീൽ മാപ്പിംഗ് നടത്തും. രാത്രി നടത്ത സ്ഥലങ്ങളിൽ വഴി വിളക്കുകളും സാദ്ധ്യമായ സ്ഥലങ്ങളിൽ സി സി ടി വിയും സജ്ജമാക്കും. ആദ്യ ഘട്ടത്തിൽ പദ്ധതി സംസ്ഥാനത്തെ കോർപ്പറേഷൻ, നഗരസഭ എന്നിവിടങ്ങളിലാണ് നടപ്പിലാക്കുന്നത്. അടുത്ത ഘട്ടത്തിൽ പഞ്ചായത്ത് തലങ്ങളിലേക്കും വ്യാപിപ്പിക്കും. 29 ന് ശേഷം എല്ലാ ആഴ്ച്ചകളിലും രാത്രി നടത്തം സംഘടിപ്പിക്കും. പിന്നീട് എല്ലാ ദിവസവും. ഇതിൽ പങ്കെടുക്കുന്ന സ്ത്രീകൾ ഏത് വഴിയിലൂടെയാണ് നടക്കുന്നത് എന്നുള്ള കാര്യം മുൻകൂട്ടി നിശ്ചയിക്കില്ല.കൂടാതെ സ്ത്രീകൾ രാത്രിയിൽ നടക്കുന്ന വഴികൾ സംബന്ധിച്ച് പൊതുവായ അറിയിപ്പുകളും ഉണ്ടാകില്ല.
കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു :-
രാത്രി നടത്തിനായി തിരഞ്ഞെടുത്ത തൊടുപുഴ, കട്ടപ്പന നഗരസഭകളിൽ പ്രാദേശികമായി കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. രക്ഷാധികാരി- നഗരസഭ ചെയർമാൻ/ചെയർ പേഴ്‌സൺ. കൺവീനർ -ജില്ലാ വനിത - ശിശു വികസന ഓഫീസർ. അംഗങ്ങൾ - വാർഡ് ജനപ്രതിനിധികൾ. ജനമൈത്രി പൊലീസ്. റസിഡൻസ് അസോസിയേഷൻ. കുടുംബശ്രീ. വിവിധ സാംസ്ക്കാരിക സംഘടനകൾ.
"കട്ടപ്പന നഗരസഭയിൽ നാല് കേന്ദ്രങ്ങളിലാണ് പൊതുയിടം എന്റേതും പദ്ധതി നടപ്പിലാക്കുന്നത്. ഇത് വരെ മുപ്പതിലേറെ വനിതകൾ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. കുറഞ്ഞത് 100 വനിതകൾ എങ്കിലും ഇതിൽ പങ്കെടുക്കും
" ജോയി വെട്ടിക്കുഴി, ചെയർമാൻ, കട്ടപ്പന നഗരസഭ.
"പൊതുയിടം എന്റേതും- പദ്ധതി നടത്തുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ പൂർത്തിയായി. തൊടുപുഴ കട്ടപ്പന നഗരസഭകളിൽ ഇത് സംബന്ധിച്ചുള്ള സമിതി യോഗം ചേർന്നു.പൊലീസ് ഉൾപ്പടെ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്."
സോഫി ജേക്കബ്, ജില്ലാ ഓഫീസർ, വനിത ശിശു വികസന വകുപ്പ്.