തൊടുപുഴ: സംസ്ഥാന കൃഷിമന്ത്രിയുടെ അനവസരത്തിലുള്ള തെറ്റായ പ്രസ്താവന കാരണം കർഷകന് നിസാര പലിശയ്ക്ക് സ്വർണപണയത്തിന്മേൽ ലഭിച്ചുകൊണ്ടിരുന്ന കാർഷികവായ്പ ഇല്ലാതായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിജി സ്റ്റഡിസെന്ററിന്റെ നേതൃത്വത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ നടക്കുന്ന കാർഷികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണപണയത്തിന്മേലുള്ള കാർഷികവായ്പ കാർഷിക വൃത്തിക്കല്ല മറ്റ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഡൽഹിയിൽ സംസ്ഥാന കൃഷിമന്ത്രി ഒരു പ്രസ്താവന നടത്തി. ഇതിനെ തുടർന്ന് റിസർവ് ബാങ്കുൾപ്പെടെയുള്ള സ്ഥാപനങ്ങൾ പരിശോധന ആരംഭിച്ചു. ഇതിന്റെയടിസ്ഥാനത്തിൽ സ്വർണപണയത്തിന്മേൽ കർഷകന് ലഭിച്ചുകൊണ്ടിരുന്ന 50,000 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പാതുക ഇല്ലാതായി. ഈ വായ്പ കിട്ടാത്ത അവസ്ഥയുണ്ടായാൽ കർഷകൻ കൊള്ള പലിശക്കാരെ ആശ്രയിക്കേണ്ടി വരും. മന്ത്രിക്ക് ഇപ്പോൾ ഇത് ബോദ്ധ്യമായെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ച കാർഷികസർവകലാശാലകളിൽ ഇന്ന് ഫലപ്രദമായ ഗവേഷണങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായിരുന്നു. ഇന്ത്യയിലെ കാർഷികമേഖല വലിയ പ്രതിസന്ധിയിലായിട്ടും കർഷകർക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. തെറ്റായ ഇറക്കുമതി നയവും കാർഷികമേഖലയെ പ്രതിസന്ധിയിലാക്കുകയാണ്. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ജെസി ആന്റണി, മുൻ എം.പി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, കൗൺസിലർ പി.എ. ഷാഹുൽഹമീദ്, ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ തോംസൺ ജോസഫ്, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, എം.എസ്. മുഹമ്മദ്, ബിനു ജെ. കൈമൾ, കെ. സുരേഷ് ബാബു, പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, പ്രൊഫ. എം.ജെ. ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.