uparodham
മതസ്പർദ്ധക്കിടയാക്കിയ ഫേസ് ബുക്ക് പോസ്റ്റിട്ട തൊടുപുഴ മങ്ങാട്ട് കവലയിലെ പെട്രോൾ പമ്പ് മാനേജരെ കസ്റ്റസിയിലെടുത്തതിനെത്തുടർന്ന് പ്രതിഷേധക്കാരോട് പിരിഞ്ഞ്പോകാൻ തൊടുപുഴ കാരിക്കോട് നൈനാരു പള്ളി ഇമാം ഹാഫിസ് നൗഫൽ കൗസരി നിർദേശിക്കുന്നു

തൊടുപുഴ: മത സ്പർദ്ധ വളർത്തുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പെട്രോൾ പമ്പ് മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ മങ്ങാട്ടുകവലയിലെ പെട്രോൾ പമ്പ് മാനേജരും റിട്ട. തഹസീൽദാരുമായ ഹരിഹരൻപിള്ളയെയാണ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഒരു വിഭാഗം പ്രതിഷേധവുമായി പമ്പിലെത്തിയതിനെ തുടർന്നാണ് മാനേജരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെയോടെയാണ് ഹരിഹരൻപിള്ളയുടെ ഫേസ്ബുക്കിൽ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രാവിലെ 11.30ന് പമ്പിൽ പ്രതിഷേധവുമായി ഒരുവിഭാഗം തടിച്ചു കൂടി. ഇതിനിടെ ഹരിഹരൻപിള്ളയും മറ്റു ജീവനക്കാരും പമ്പടച്ച് സ്ഥലം വിട്ടു. ആളുകൾ കൂടിയതോടെ മങ്ങാട്ടുകവല- കാരിക്കോട് റോഡിൽ ഗതാഗത തടസവുമുണ്ടായി. സ്ഥലത്തെത്തിയ പൊലീസ് ജനങ്ങളോട് പിരിഞ്ഞു പോകാൻ അഭ്യർഥിച്ചെങ്കിലും ഫലംകണ്ടില്ല.ഇതിനിടെ വൈകിട്ട് നാലോടെ ഹരിഹരൻപിള്ളയെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. എങ്കിലും തടിച്ചു കൂടിയ പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയാറായില്ല. പിന്നീട് കാരിക്കോട് നൈനാരു പള്ളി ഇമാം ഹാഫിസ് നൗഫൽ കൗസരി സ്ഥലത്തെത്തി അഭ്യർഥിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൊടുപുഴ ഡിവൈ.എസ്.പി കെ.ടി. ജോസ് പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ മത സ്പർധ വളർത്തുന്ന വാചകങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ 153-ാം വകുപ്പനുസരിച്ചാണ് കേസെടുത്തത്. പമ്പ് മാനേജർ വാചകങ്ങൾ പോസ്റ്റു ചെയ്തതാണോ മറ്റാരുടെയെങ്കിലും പോസ്റ്റ് ഷെയർ ചെയ്തതാണോയെന്നുംടാഗ് ചെയ്തതാണോ എന്ന് കൂടുതൽ പരിശോധന നടത്തുകയാണെന്നും ഡിവൈ.എസ്.പി പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഹരിഹരൻപിള്ളയെ ഇന്നലെ വൈകിട്ട് വിട്ടയച്ചു. പ്രതിഷേധത്തെതുടർന്ന് താത്കാലികമായി അടച്ച പമ്പിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

അക്രമം നടത്തിയവരെ

അറസ്റ്റ് ചെയ്യണം: ഹിന്ദുഐക്യവേദി
മങ്ങാട്ടുക്കവലയിലെ സ്വകാര്യ പമ്പിൽ ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുഐക്യവേദി തൊടുപുഴ താലൂക്ക് സമിതി. ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിലുണ്ടായ പ്രശ്‌നത്തിൽ പമ്പ് മാനേജർ മാപ്പ് പറയുകയും ആദ്യം പ്രതിഷേധിച്ചവർ പിരിഞ്ഞുപോയതുമാണ്. പിന്നീടെത്തിയവർ പമ്പ് ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും ആയിരുന്നു. നിരവധി പേർ ഇന്ധനം നിറയ്ക്കാനെത്തുന്ന ഇവിടെ സാധാരണക്കാരുടെ സ്വര്യജീവിതം തകർക്കുന്ന തരത്തിൽ പെരുമാറിയവർക്കെതിരെ കേസെടുത്ത് നടപടി എടുക്കാൻ പൊലീസ് തയ്യാറാവണമെന്നും ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് .കെ. ബാബു പ്രസ്ഥാവനയിൽ പറഞ്ഞു.