accident
കാഞ്ഞിരംവളവിൽ മിനി ബസ് മറിഞ്ഞുണ്ടായ അപകടം

രാജാക്കാട് കുഞ്ചിത്തണ്ണി സംസ്ഥാന പാതയിൽ അപകടം തുടർക്കഥയായ ലെതേക്കിൻകാനം കാഞ്ഞിരം വളവിന് സമീപം തമിഴ്നാട്ടിൽ നിന്നുള്ള കരകവിളയാട്ട സംഘം സഞ്ചരിച്ചിരുന്ന മിനി ബസ്സ് മറിഞ്ഞ് കുട്ടി ഉൾപ്പെടെ 10പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെയുള്ളവരെതേനി മെഡിക്കൽകോളേജിലേയ്ക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് ഏഴോടെയാണ് അപകടം നടന്നത്. മധുരയിൽ നിന്നും കുഞ്ചിത്തണ്ണി ഇരുപതേക്കർ ഇരുട്ടള മാരിയമ്മൻകോവിലിലെ ഉൽസവത്തിന് കരകവിളയാട്ടം അവതരിപ്പിക്കാൻ എത്തിയതായിരുന്നു 18പേർ അടങ്ങിയ സംഘം. വഴികാണിച്ചുകൊടുക്കുന്നതിനായി ഇരുട്ടള സ്വദേശിയായ ഒരാളും വാഹനത്തിൽ ഉണ്ടായിരുന്നു. സമയം വൈകിയതിനാൽ അമിതവേഗതയിൽ വന്ന വാഹനം കാഞ്ഞിരം വളവ് പിന്നിട്ടശേഷം കൊച്ചാലയ്ക്കൽസോജന്റെ പുരയിടത്തിലേയ്ക്ക് കീഴ്‌മേൽ മറിയുകയായിരുന്നു. പുറത്തേയ്ക്ക് തെറിച്ചുവീണ ഡ്രൈവർക്ക് കാര്യമായ പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻതന്നെതേനി മെഡിക്കൽകോളേജിലേയ്ക്ക് കൊണ്ടുപോയി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. എല്ലാവരും രാജാക്കാട്ടിൽ സ്വകാര്യ ആശുപത്രികളിലെ പ്രഥമ ശുശ്രൂഷയ്ക്ക്‌ശേഷം സ്വദേശത്തെ ആശുപത്രിയിലേയ്ക്ക്‌പോയി. രാജാക്കാട് പൊലീസും, നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.