തൊടുപുഴ: 'എന്നെ തല്ലേണ്ടമ്മാവാ...ഞാൻ നന്നാവൂല..." എന്ന പാട്ട് പോലെയാണ് ഇപ്പോൾ നമ്മുടെ താലൂക്ക് വികസന സമിതി യോഗങ്ങൾ നടക്കുന്നത്. ഒരിക്കലും നന്നാകില്ലെന്ന വാശിയിൽ ആർക്കോ വേണ്ടി വഴിപാടുപോലെ ഒരു യോഗം. താലൂക്ക് തലത്തിലുള്ള സർക്കാർ സ്ഥാപനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് താലൂക്ക് വികസന സമിതികൾക്ക് രൂപം നൽകിയിരിക്കുന്നത്. താലൂക്കിന്റെ പരിധിയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥൻ താലൂക്ക് വികസന സമിതി യോഗങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം എന്നാണ് വ്യവസ്ഥ. കൂടാതെ താലൂക്കിന്റെ പരിധിയിലുള്ള വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷർ, മറ്റ് ജനപ്രതിനിധികൾ, നിയമസഭയിൽ പ്രാതിനിത്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ നിർദ്ദേശിക്കപ്പെട്ടവർ എന്നിവരും ഈ യോഗങ്ങളിൽ പ്രത്യേക ക്ഷണിതാക്കളുമാണ്. തഹസീൽദാറാണ് താലൂക്ക് വികസന സമിതിയുടെ അധികാരി. എന്നാൽ പലപ്പോഴും ഇവരിൽ പല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗങ്ങളിൽ പങ്കെടുക്കാതെ പതിവായി മുങ്ങുകയാണെന്നാണ് വിവരം. പ്രത്യേക ക്ഷണിതാക്കളായ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇത് തന്നെയാണ് തുടരുന്നത്. വർഷങ്ങളായി ഈ അവസ്ഥയാണ് തുടർന്ന് വരുന്നത്. ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന പൊതുമരാമത്ത്, വാട്ടർ അതോറിട്ടി, വൈദ്യുതി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പതിവായി യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചില മാസങ്ങളിൽ ചേരുന്ന സമിതി യോഗങ്ങളിലേക്ക് കീഴ് ജീവനക്കാരെയാണ് ഇവർ പറഞ്ഞയക്കുന്നതും. ചില കീഴ് ജീവനക്കാർ വിഷയം സംബന്ധിച്ച് വേണ്ടത്ര പഠിക്കാതെ വഴിപാട് പോലെ യോഗങ്ങളിൽ പങ്കെടുക്കുന്നുമുണ്ട്. വികസന സമിതി യോഗങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് അപേക്ഷകളും നിവേദനങ്ങളും നൽകിയ ജനം സമിതി യോഗങ്ങളിൽ നിന്ന് കണ്ണീരോടെ ഇറങ്ങിപ്പോവുന്നതും പതിവ് കാഴ്ചകളാണ്.
ജനം പ്രതിഷേധിച്ചു
ഡിസംബർ ഏഴിനായിരുന്നു ഈ മാസത്തെ വികസന സമിതി യോഗം ചേർന്നത്. യോഗത്തിൽ 51 ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണം. എന്നാൽ എത്തിയത് 24 പേർ മാത്രം. ജനപ്രതിനിധികളുടെ പങ്കാളിത്തവും വളരെ കുറവ്. തുടർന്ന് സമിതി യോഗത്തിൽ പങ്കെടുത്തവർ ഇത് ചോദ്യം ചെയ്ത് ബഹളം വയ്ക്കുകയും പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
"താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് പകരം കീഴ് ജീവനക്കാർ വരുമ്പോൾ വിഷയം പഠിച്ചിട്ട് വരണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ചില വകുപ്പിലെ ഉദ്യോഗസ്ഥർ പതിവായി യോഗത്തിൽ പങ്കെടുക്കാത്തത് സംബന്ധിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് "
- ജോസുകുട്ടി കെ.എം (തഹസീൽദാർ)