തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ നടക്കുന്ന കാർഷികമേളയിൽ കാഴ്ചയുടെ വിസ്മയം തീർത്ത് പത്രഫോട്ടോഗ്രാഫർമാരുടെ ഫോട്ടോപ്രദർശനം 'മിഴി- 2020". ഇനിയും തീരാത്ത പ്രളയകാഴ്ചകൾ, സമര-പോരാട്ട ചിത്രങ്ങൾ, മിടുക്കിയായ ഇടുക്കി, തെരുവിലെ ജീവിതങ്ങൾ, രാഷ്ട്രീയത്തിലെ അപൂർവ നിമിഷങ്ങൾ...ഇങ്ങനെ ഇടുക്കിയിലെ പത്രഫോട്ടോഗ്രാഫർമാരുടെ ലൈൻസിൽ പതിഞ്ഞ വൈവിധ്യങ്ങളായ ചിത്രപ്രപഞ്ചമാണ് മിഴി തുറന്നത്. ജില്ലയിലെ 11 ഫോട്ടോഗ്രാഫർമാരുടെ മിഴിവാർന്ന നൂറിലേറെ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. കൂടാതെ കാടിന്റെ വന്യതയിലേക്ക് കൂട്ടികൊണ്ടുപോകുന്ന വൈൽഡ് ലൈഫ് ചിത്രങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്. പ്രദർശനം കാർഷികമേള അവസാനിക്കുന്ന അഞ്ച് വരെ നീളും. പി.ജെ. ജോസഫ് എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പിള്ളി രൂപതാ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, പ്രസ്ക്ലബ്പ്രസി‌ഡന്റ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, കേരളാകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, മഹാറാണി വെഡിംഗ് കളക്ഷൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.എം. റിയാസ്‌, പ്ലസ്ക്ലബ് നിർവാഹകസമിതി അംഗങ്ങളായ അഷ്‌റഫ് വട്ടപ്പാറ, ഹാരിസ് മുഹമ്മദ്, ഏഞ്ചൽ അടിമാലി, അഖിൽ സഹായി എന്നിവർ പങ്കെടുത്തു.