ഇടുക്കി: ജില്ലയിലെ പ്രളയബാധിതർക്ക് റെഡ്‌ക്രോസ് എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി ഖത്തർ റെഡ് ക്രസന്റ് സഹായവുമായി രംഗത്ത്. പ്രളയ ദുരന്തബാധിതരായ 150 പേർക്ക് താത്കാലികമായി താമസക്കാനാവശ്യമായ ഷെൽട്ടർ കിറ്റുകളാണ് ഖത്തർ റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഷെൽട്ടർ കിറ്റുകളുടെ വിതരണോദ്ഘാടനംഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു.
മൺവെട്ടി, കൈക്കോട്ട്, ചുറ്റിക, പ്ലെയർ, ആണി, കയർ,തൂമ്പ, ടാർപോളിൻ എന്നിവയടങ്ങിയ ഷെൽട്ടർ കിറ്റുകളാണ് വിതരണം ചെയ്തത്. പ്രളയത്തിൽ വ്യപാകനാശമുണ്ടായ വാത്തിക്കുടി, വെള്ളത്തൂവൽ, പെരിയാർ, ഉപ്പുതോട്, ഇടുക്കി, കഞ്ഞിക്കുഴി എന്നീ വില്ലേജുകളിലെ 18 കുടുംബങ്ങൾക്ക് വീതവും മന്നാംങ്കണ്ടം, കൊന്നത്തടി വില്ലേജുകളിലെ 17 കുടുംബങ്ങൾക്കുമാണ് ഷെൽട്ടർ കിറ്റുകൾ നൽകിയത്. എട്ടണ്ണം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും സമർപ്പിച്ചു.
ജില്ല ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് അന്തർദേശിയ സംഘടനയായ ഖത്തർ റെഡ് ക്രസന്റ് ജില്ലയിൽ സഹായങ്ങളെത്തിക്കുന്നത്. ജില്ലയിലെ 100 പേർക്ക് ഖത്തർ റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ ഭവന നിർമ്മാണത്തിനും ജനുവരിയിൽ തുടക്കമാകും. ജില്ലയിലെ അഞ്ച് താലൂക്കുകളിലും 20 വീടുകൾ വീതമാണ് ഖത്തർ റെഡ് ക്രസന്റ് നിർമിച്ചു നൽകുന്നത്.യോഗത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ എച്ച് ദിനേശൻ, റെഡ് ക്രസന്റ് കേരള മിഷൻ പ്രൊജക്ട് ഓഫീസർ എസ്.രതീഷ്, റെഡ് ക്രസന്റ് ഇന്ത്യ ഫിനാൻസ് ഹെഡ് രാമറാവു, യുഎൻഡിപി ജില്ലാ കോഓർഡിനേറ്റർ അബ്ദുൾ നൂർ തുടങ്ങിയവർ പങ്കെടുത്തു.