ഉയർന്നവില അയ്യായിരം കടന്നു
കട്ടപ്പന: നാലുമാസത്തെ ഇടവേളയ്ക്കുശേഷം സ്‌പൈസസ് ബോർഡിന്റെ ഏലക്കാ 'ഈ' ലേലത്തിൽ വില വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന രണ്ടു ലേലങ്ങളിലുമായി 1.24 ലക്ഷം കിലോഗ്രാം ഏലക്കായാണ് വിൽപനയ്‌ക്കെത്തിയത്. വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിൽ ഉയർന്നവില കിലോഗ്രാമിന് 5513 രൂപയും ശരാശരി വില 3624.37 രൂപയും രേഖപ്പെടുത്തി. 266 ലോട്ടുകളിലായി പതിഞ്ഞ 59,320 കിലോഗ്രാമിൽ 5513 കിലോയും വിറ്റുപോയി. രാവിലെ നടന്ന നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ലേലത്തിലും ഉയർന്ന വില 4651 രൂപയും ശരാശരി വില 3585 രൂപയും ലഭിച്ചിരുന്നു. 288 ലോട്ടുകളിലായി പതിഞ്ഞ 65,170 കിലോഗ്രാം ഏലക്കയിൽ 64,383 കിലോയും വിൽപന നടന്നു. ഉയർന്ന വില രേഖപ്പെടുത്തി 5513 രൂപയ്ക്ക് 26.1 കിലോഗ്രാം ഏലക്കായാണ് വിറ്റുപോയത്.
കഴിഞ്ഞ മേയ്, ജൂൺ, ജൂലായ് , ഓഗസ്റ്റ് മാസങ്ങളിലെ 'ഈ'ലേലങ്ങളിൽ ഏലക്കാവിലയിൽ വലിയ മുന്നേറ്റമുണ്ടായിരുന്നു. ഉയർന്ന വിലയിലും ശരാശരി വിലയിലും റെക്കോർഡ് സൃഷ്ടിക്കാൻ ലേല ഏജൻസികൾ മത്സരിക്കുന്നതിനു സമാനമായിരുന്നു മുന്നേറ്റം. ഓഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിൽ സർവകാല റെക്കോർഡായി ഉയർന്ന വില 7000 രൂപയിലും ശരാശരി വില 4733 രൂപയിലും എത്തിയിരുന്നു. ഇപ്പോഴത്തെ ലേലങ്ങളിൽ വിൽപനയ്‌ക്കെത്തുന്ന ഏലക്കായുടെ അളവിലെ വർദ്ധനയുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ വില വീണ്ടും ഉയരുമെന്നാണ് സൂചന.