രാജാക്കാട്: മാങ്ങാത്തൊട്ടിയ്ക്ക് സമീപം വീട് കുത്തിത്തുറന്ന് ഒന്നേകാൽ ലക്ഷം രൂപയും മൂന്ന് പവൻ സ്വർണ്ണവും മോഷ്ടിച്ചു. മാങ്ങാത്തൊട്ടി കാലാപ്പിള്ളിൽ വിജയന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച വിജയനും കുടുംബവും ആലപ്പുഴയ്ക്ക് പോയിരുന്നു. സമീപത്തെ വീടുകളിലും ആളുകൾ ഉണ്ടായിരുന്നില്ല. ശനിയാഴ്ച പുലർച്ചെ വിജയനും
കുടുംബവും വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്. വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മുറിയ്ക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് അപഹരിക്കപ്പെട്ടത്. പരാതിയെത്തുടർന്ന് ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച രാവിലെ ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡുമെത്തി വിശദമായ തെളിവെടുപ്പ് നടത്തി. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.