chain

തൊടുപുഴ: നഷ്ടമായ സ്വർണമാല തിരഞ്ഞ് മടുത്ത് ഒടുവിൽ കുളിക്കടവിലെത്തിയപ്പോഴാണ് ടോണി ജെ. മാത്യുവിന് അവിടെ കിടന്ന് ഒരു വെള്ളപേപ്പർ ലഭിക്കുന്നത്. മാല നഷ്ടപ്പെട്ടവർ തൊടുപുഴ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നായിരുന്നു കത്തിലെ രത്നചുരുക്കം. സ്റ്റേഷനിലെത്തിയ ടോണിക്ക് ദിവസങ്ങൾക്ക് മുമ്പ് കളഞ്ഞുപോയ രണ്ടു പവന്റെ സ്വർണമാല തിരികെ ലഭിച്ചു. കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം ജീവനക്കാരനായ പുൽപ്പുരയിൽ കൃഷ്ണകുമാറാണ് കളഞ്ഞുകിട്ടിയ മാലയുടെ ഉടമയെ കണ്ടെത്താൻ വിചിത്രമായ വഴി സ്വീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കാഞ്ഞിരമറ്റം ക്ഷേത്രത്തിനു സമീപം മേക്കാട്ടുകടവിൽ കുളിക്കാനെത്തിയപ്പോൾ തീരത്തു നിന്ന് കൃഷ്ണകുമാറിന് മാല ലഭിക്കുന്നത്. മാല ആരുടെയാണെന്ന് അറിയാത്തതിനാൽ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചു. മാല ലഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചെങ്കിലും ആരും തേടിയെത്തിയില്ല. ഇതിനിടെ മാല നഷ്ടപ്പെട്ടവർ തൊടുപുഴ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് കൃഷ്ണകുമാർ ഇതേ കുളിക്കടവിൽ പേപ്പറിൽ എഴുതി വയ്ക്കുകയായിരുന്നു. ഇതു കണ്ടാണ് ഉടമയായ ടോണി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇന്നലെ സി.ഐ സജീവ് ചെറിയാന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ കൃഷ്ണകുമാർ ടോണിയ്ക്ക് സ്വർണമാല കൈമാറി.