കട്ടപ്പന: സ്ത്രീകൾക്ക് കുങ്കുമച്ചെപ്പ് മുതൽ സാരി വരെ... പുരുഷന്മാർക്ക് വയറുനിറയെ ബിരിയാണിയും മദ്യവും.... തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പാരിതോഷികങ്ങളുടെ കുത്തൊഴുക്കാണ്. സമ്മാനപ്പെരുമഴയെക്കുറിച്ചുള്ള ചർച്ചകൾ തമിഴ്നാട് അതിർത്തിക്കപ്പുറത്തും സജീവ ചർച്ചയാണ്. തോട്ടം മേഖലയിലടക്കം തമിഴ്നാട്ടിൽനിന്ന് ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പായതോടെ പലരും അവധിയെടുത്ത് സമ്മാനങ്ങൾ വാങ്ങാൻ പോകുന്നുമുണ്ട്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നാളെയാണ്. വോട്ടെടുപ്പിന് ദിവസങ്ങൾക്കുമുമ്പാണ് വീടുകളിൽ പാരിതോഷികങ്ങൾ എത്തിച്ചുതുടങ്ങിയത്. വനിതാ വോട്ടർമാർക്ക് പിച്ചളയിൽ തീർത്ത താലത്തട്ട്, കുങ്കുമച്ചെപ്പ്, സാരി തുടങ്ങിയവയാണ് നൽകിയത്. പുരുഷവോട്ടർമാർക്ക് ഒരുസ്ഥലം കേന്ദ്രീകരിച്ച് ബിരിയാണിയും മദ്യവും വിളമ്പി. രണ്ടുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ജാതി സമവാക്യങ്ങൾ നിർണായക സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പിൽ സാമുദായിക അടിസ്ഥാനത്തിലായിരുന്നു ഭൂരിഭാഗം വാർഡുകളിലും രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളെ നിശ്ചയിച്ചത്. പ്രചരണം ആരംഭിച്ചതുമുതൽ പാർട്ടി പ്രതിനിധികൾ വീടുകൾ തോറും കയറിയിറങ്ങി വാഗ്ദാനപ്പെരുമഴ നടത്തിയിരുന്നു. ജനുവരി രണ്ടിനാണ് വോട്ടെണ്ണൽ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാരിതോഷികമായി വിതരണം ചെയ്യാൻ കൊണ്ടുപോയ നൂറു കോടിയിലേറെ രൂപയും സ്വർണവും ഗൃഹോപകരണങ്ങളും തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഇലക്ഷൻ ഫ്ളൈയിംഗ് സ്‌ക്വാഡ് പിടികൂടിയിരുന്നു.