raid
വിസ തട്ടിപ്പുകേസിലെ പ്രതി അന്നമ്മ ജോർജ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കട്ടപ്പന പൊലീസ് പരിശോധന നടത്തുന്നു

കട്ടപ്പന: അന്താരാഷ്ട്ര വിസ തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണി കട്ടപ്പന വള്ളക്കടവ് കണ്ടത്തിൽ അന്നമ്മ ജോർജിന്റെ (സിനി- 36) വാടകവീട്ടിൽ കട്ടപ്പന പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. വ്യാജ ഓഫർ ലെറ്ററുകൾ, നിരവധി പേരുടെ പാസ്‌പോർട്ടിന്റെ പകർപ്പുകൾ, അന്നമ്മയുടെ പല മേൽവിലാസത്തിലുള്ള തിരിച്ചറിയൽ രേഖകൾ, പണം നൽകിയ ഉദ്യോഗാർഥികളുടെ വിവരങ്ങൾ എന്നിവ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.

വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ട് കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കും. രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരം വരെ നീണ്ടു. സ്വന്തമായി വീടോ ഓഫീസോ ഇല്ലാതിരുന്ന അന്നമ്മ വാടകവീട്ടിലാണ് ഉദ്യോഗാർഥികളുമായി പണമിടപാട് നടത്തിയിരുന്നത്. കട്ടപ്പന എസ്.ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.