lorry
അന്തർ സംസ്ഥാന പാതയിൽ ആനമല ടൈഗർ റിസർവ്വിനുള്ളിൽ ടോറസ് ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ട നിലയിൽ

മറയൂർ: ശബരിമല - പഴനി തീർഥാടന പാതയിൽ മറയൂരിനും ഉദുമലപേട്ടക്കും ഇടയിൽ ടോറസ് ലോറി കുടുങ്ങി ഗതാഗതം നിലച്ചു. വെള്ളിയാഴ്ച്ച രാത്രി ഒമ്പതരക്കാണ് ആന്ധ്രയിൽ നിന്നും സിമന്റ് കയറ്റി മൂന്നാറിലേക്ക് വന്ന പതിനാല് ചക്രങ്ങളുള്ള വലിയ ലോറി കുടുങ്ങിയത്. ആനമല ടൈഗർ റിസർവ്വിനുള്ളിലെ എസ് വളവിലാണ് ലോറി യന്ത്രതകരാറിനെ തുടർന്ന് കുടുങ്ങിയത്. കൊടും വളവും റോഡിന് വീതി കുറവുമായതിനാൽ ചെറിയ കാറുകളും ഓട്ടോറിക്ഷകൾക്കും മാത്രമാണ് കടന്ന് പോകാൻ സാധിക്കുന്നത്. കെ എസ് ആർ ടി സി ഉൾപ്പെടെ എല്ലാ അന്തർ സംസ്ഥാന ബസ്സ് സർവ്വീസുകളും നിലച്ചതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. പഴനി- തിരൂവനന്തപുരം ദീർഘദൂര ബസ്സുകളും സർവ്വീസ് അവസാനിപ്പിക്കേണ്ടി വന്നു. നിരവധി ടൂറിസ്റ്റ് ബസ്സുകൾ മറയൂർ മൂന്നാർ സന്ദർശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിയിരിക്കുകയാണ്. ശനിയാഴ്ച്ച രാത്രിയും യന്ത്ര തകാരാർ പരിഹരിച്ച് ടോറസ് ലോറി മാറ്റാൻ കഴിയാത്തതിനാൽ ഗതാഗതം പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.