ചെറുതോണി: സംസ്ഥാനത്താകെ വാടക നിയന്ത്രണ നിയമം നടപ്പിലാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അനിയന്ത്രിതമായ വാടക വർധനയും വലിയ മുൻകൂർ തുകയും വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് നീക്കുകയാണ്. സർക്കാർ ഇതിനായി നിയമം കൊണ്ടുവന്ന് വ്യാപാരികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന സംഘടനാ നേതാക്കളായ ബേബി കോവിലകം, കെ.കെ. വിജയൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.മുൻ എംപി അഡ്വ. ജോയ്സ് ജോർജ്, കെഎസ്ആർടിസി ഡയറക്ടർ സി.വി. വർഗീസ്, സമിതി ജില്ലാ രക്ഷാധികാരി പി.എൻ. വിജയൻ, സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. ബൈജു എന്നിവർപ്രസംഗിച്ചു.
ജിനറ്റ് കോശി പ്രസിഡന്റും ബേബി കോവിലകം വർക്കിംഗ് പ്രസിഡന്റും, കെ.ആർ. സജീവ് സെക്രട്ടറിയും, കെ.കെ. വിജയൻ ട്രഷററുമാണ്. വൈസ് പ്രസിഡന്റുമാരായി സാജൻ കുന്നേൽ, റീനാ കുര്യാച്ചൻ, ജാഫർ ചന്ദ്രമംഗലം, ധനേഷ് നെടുങ്കണ്ടം എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി സജി തടത്തിൽ, പ്രജിൻ ബാബു, ജോസ് വർഗീസ്, അമ്പിളി രവിക എന്നിവരെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.