തൊടുപുഴ : മനുഷ്യരുടെ താൽപര്യങ്ങൾക്കനുസരിച്ച് ഭൂമിയെ വിനിയോഗിച്ചതോടെ കേരളത്തിൽ ഒരു കൃഷിയ്ക്കും ഭാവിയില്ലാത്ത അവസ്ഥ സംജാതമാവുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരന്ത - അപകട സാധ്യത ലഘൂകരണ വിഭാഗം തലവൻ ഡോ. മുരളി തുമ്മാരുകുടി ചൂണ്ടികാട്ടി. ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് നീർത്തട വികസനം എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്നതു പ്രളയത്തിനും വരൾച്ചയ്ക്കും വഴിവയ്ക്കുന്നു.കേരളത്തിലെ നിയമങ്ങൾ ദുർബ്ബലമായതിനാൽ ഭൂമിയെ മുറിയ്ക്കാനുള്ള അവസരവും വർദ്ധിച്ചു. കൃഷിയുടെ അടിസ്ഥാന ധർമ്മം നിർവ്വഹിക്കാൻ പലപ്പോഴും കഴിയുന്നില്ല. നീർത്തട സംരക്ഷണത്തിനുള്ള പ്രസക്തി വളരെ പ്രധാനപ്പെട്ടതാണ്. കൃഷിയുടെ അടിസ്ഥാന ധർമ്മത്തിൽ നിന്ന് വ്യതിചലിക്കുന്ന ഒരു നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകരുതെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
നീർത്തടങ്ങളുടെ സംരക്ഷണത്തിനായി കമ്മിറ്റികൾ രൂപീകരിക്കുന്നതിനും ഇതു സംബന്ധിച്ച് വ്യക്തമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുണ്ടെന്നും സെമിനാറിൽ അദ്ധ്യക്ഷത വഹിച്ച ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഇനിയും നമ്മൾ കരകയറിയിട്ടില്ല. പെയ്തു വീഴുന്ന വെള്ളം പുരയിടത്തിൽ തന്നെ സംരക്ഷിക്കാൻ കഴിയണം. മണ്ണിന്റെ ജലസംഭരണ ശേഷി വർദ്ധിപ്പിക്കാനാവണം. - ജോസഫ് പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വി.ടി. ബൽറാം എം.എൽ.എ. സി.ഡബ്യു.ആർ.ഡി.എം. ഡയറക്ടർ ഡോ.ഇ.ജെ.ജെയിംസ് , ജലപരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വി. സുഭാഷ്ചന്ദ്രബോസ് ,ഹരിത കേരള മിഷൻ കൺസൾട്ടന്റ് എബ്രഹാം കോശി, ഡോ. പി.ആർ. അരുൺ (സയന്റിസ്റ്റ് സി.ഡബ്യു.ആർ.ഡി.എം.), ജോർജ് ഫിലിപ്പ് വാട്ടർഷെഡ് ഡവലപ്‌മെന്റ്, കെ.എ. ഷാജു (പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റി), മാത്യു മഠത്തിക്കണ്ടം, ഡോ. സാബു ഡി. മാത്യു, സാബു പരവരാകത്ത്, ജെയിംസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.
വിള പ്രദർശനം ശ്രദ്ധേയമായി
തൊടുപുഴ : കാർഷികമേളയോടനുബന്ധിച്ചുള്ള വിളപ്രദർശനവും, പുഷ്പ-ഫല-സസ്യ പ്രദർശനവും ശ്രദ്ധേയമായി. ഭീമൻ ചേന, മരച്ചീനി, കാച്ചിൽ, അടയ്ക്കാ കുല, തേങ്ങാക്കുല, വിവിധ ഇനം പഴവർഗ്ഗങ്ങൾ, ബാംഗ്ലൂർ, പൂന എന്നിവിടങ്ങളിൽ നിന്നും എത്തിച്ചിട്ടുള്ള ചുവപ്പ്, പിങ്ക്, വെള്ള നിറങ്ങളിലുള്ള പോയൻസാറ്റിയ, വിവിധ തരം കലാഞ്ചിയ, മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള മേരി ഗോൾഡ്, കാശ്മീരി, സമ്മർഷൻ, ഊട്ടി, മഞ്ഞ, വെള്ള, മിനിയേച്ചർ റോസ് ഇനങ്ങളും സ്വദേശിയും വിദേശിയുമായ തൊണ്ണൂറിൽ പരം പുതുമയാർന്ന പഴങ്ങളുടെയും പ്രദർശനം മേളയിൽ ഒരുക്കിയിട്ടുണ്ട്.