കട്ടപ്പന: നിർധനരായ ഭവനരഹിതർക്ക് വണ്ടൻമേട് സ്വദേശിയും പ്രവാസി മലയാളിയുമായി കടിഞ്ഞിലിക്കാട്ടിൽ കൃഷ്ണകുമാർ നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനം നാളെ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചേറ്റുകുഴി മരിയൻ ഗ്രൗണ്ടിൽ മന്ത്രി എം.എം. മണിയും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്ന് താക്കോൽദാനം നിർവഹിക്കും. വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി റെജി അദ്ധ്യക്ഷത വഹിക്കും. കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള ബ്രഹ്മ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായാണ് വീടുകൾ നിർമിച്ചുനൽകുന്നത്. നിലവിൽ നിർമാണം പൂർത്തിയായ 10 വീടുകളാണ് ചടങ്ങിൽ കൈമാറുന്നത്. 15 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഒരു വീടിനു ഏഴുലക്ഷം രൂപയാണ് നിർമാണച്ചെലവ്. കൂടാതെ ചികിത്സ, വിവാഹ ധനസഹായങ്ങളും നൽകിവരുന്നതായി കോഓർഡിനേറ്റർമാരായ അനീഷ് തോമസ്, ടി.വി. ബിബിൻ എന്നിവർ അറിയിച്ചു.