marayoor

മറയൂർ: മറയൂരിലെ പൈതൃക കൃഷിയായ കരിമ്പിൻ പാടങ്ങൾ നികത്തിയതിന് സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്ത് കെട്ടിട നിർമ്മാണം നടത്തിയത് റവന്യു , കൃഷി വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ തടഞ്ഞു. മറയൂർ ഗ്രാമപഞ്ചായത്തിലെ കൂടവയൽ ഭാഗത്താണ് റവന്യൂ രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും പരമ്പരാഗതമായി കരിമ്പ് കൃഷി ചെയ്തിരുന്നതുമായ ഏക്കർ കണക്കിന് ഭൂമി നികത്തിയ ശേഷം തുണ്ടുകളാക്കിയും ഭൂമിയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തിയ ശേഷവും വിൽപന നടത്തിയത്. പരിസ്ഥിതിയേയും പൈതൃകഗ്രാമാമായ മറയൂരിലെ കരിമ്പ് കൃഷിയേയും ദോഷകരമായി ബാധിക്കുമെന്നതിനാൽ ബ്ലോക്ക് നമ്പർ 47 സർവ്വേനമ്പർ 219/2 എന്ന സ്ഥലത്ത് നിലം നികത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നൽകുകയും ഭൂമിയുടെ ഘടന മാറ്റരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഒക്‌ടോബർ മാസത്തിലാണ് വില്ലേജ് അധികൃതർ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്.
സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നികത്തിയ കരിമ്പിൻ പാടത്ത് കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മറയൂർ വില്ലേജ് ഓഫീസർ വി എ.സുരേഷ് , മറയൂർ കൃഷി ഓഫിസർ പ്രിയ പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവക്കാൻ നിർദ്ദേശം നൽകി. സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്ത് പൂർണ്ണമായും അവഗണിച്ച് കോൺക്രീറ്റ് കെട്ടിട നിർമ്മിച്ച നടപടി ദേവികൂളം ആർ ഡി ഒ ഓഫീസിലേക്ക് തുടർ നടപടിക്കായി റിപ്പോർട്ട് നൽകുമെന്ന് വില്ലേജ് ഓഫീസർ കൃഷി ഓഫീസർ എന്നിവർ അറിയിച്ചു