block
മറയൂർ മൂന്നാർ പാതയിൽ രാജമലയിൽ ഉണ്ടായ ഗതാഗത ക്കുരുക്ക്.

മറയൂർ: മൂന്നാർ- മറയൂർ സംസ്ഥാന പാതയിൽ അരമണിക്കൂറിലേറെ രോഗിയെ ആശുപത്രിയിലെത്തിക്കാനാകാതെ ആംബുലൻസ് ഗതാഗതകുരുക്കിൽപ്പെട്ടു. ഗുണ്ടുമല എസ്റ്റേറ്റിലെ തൊഴിലാളി മുരുകേശ്വരിയെയും (34) കൊണ്ടുപോയ ആംബുലൻസാണ് രാവിലെ 10.15 മുതൽ 10.45 വരെ കുരുക്കിൽപ്പെട്ട് കിടന്നത്. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും കഠിനമായ ശ്രമത്തിനൊടുവിൽ ആംബുലൻസ് മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മുരുകേശ്വരി ഇപ്പോൾ മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു വർഷം മുമ്പാണ് ഇതേ സ്ഥലത്ത് ഗതാഗതക്കുരുക്കിൽപ്പെട്ട് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുന്ദരം ആശുപത്രിയിൽ എത്തിക്കാനാകാതെ മരിച്ചത്. പല രോഗികളും ഇതുപോലെ ആശുപത്രിയിൽ കൃത്യസമയത്ത് എത്തിക്കാനാകാതെ മരണപ്പെട്ടിട്ടുണ്ട്. രാജമലയിലും ലക്കം വെള്ളച്ചാട്ടത്തിലുമാണ് കുരുക്ക് രൂക്ഷം. പാതയ്ക്കിരുവശത്തെയും അനധികൃത വ്യാപാര സ്ഥാപനങ്ങളും പാർക്കിംഗുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ക്രിസ്മസ് അവധി ദിനങ്ങൾ ആഘോഷിക്കാൻ ആയിരകണക്കിന് സഞ്ചാരികളാണ് മൂന്നാർ, മറയൂർ, കാന്തല്ലൂർ മേഖലകളിലെത്തി കൊണ്ടിരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ള സംഘടനകൾ ഹൈക്കോടതിയിലടക്കം ഹർജി നൽകിയിട്ടുണ്ട്. കുരുക്ക് ഇനിയും തുടർന്നാൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങാൻ തയ്യാറെടുക്കുകയാണ് സംഘടനകൾ.