മറയൂർ: തായണ്ണൻ ഗോത്രവർഗ കോളനിയിൽ നിരവധി വീടുകൾക്ക് അപകട ഭീഷണി ഉയർത്തി സംരക്ഷണഭിത്തി തകർന്നു. കോളനി സ്വദേശി അനേന്ദ്രന്റെ വീടിന് മുമ്പിലുള്ള സംരക്ഷണഭിത്തിയാണ് തകർന്നു വീണത്. അനേന്ദ്രനും ഭാര്യ സരിതയും രണ്ടു മക്കളും ഇപ്പോൾ ബന്ധു കമലയുടെ വീട്ടിലാണ് താമസിക്കുന്നത്. സമീപത്തുള്ള പപ്പുസ്വാമി, തങ്കരാജ്, വീരാസ്വാമി, വേലു സ്വാമി എന്നിവരുടെ വീടുകളും അപകട ഭീഷണിയിലായി. നല്ല ചരിവുള്ള ഭാഗത്താണ് കുടിയിലെ വീടുകൾ നിർമ്മിച്ചിരിക്കുന്നത്. വീടുകൾക്കും കമ്യൂണിറ്റി ഹാൾ അടക്കമുള്ള സ്ഥാപനങ്ങളുടെ കെട്ടിടത്തിനും സംരക്ഷണഭിത്തി നിർമ്മിക്കണമെന്നതാണ് ഗ്രാമ വാസികളുടെ ആവശ്യം. പഞ്ചായത്ത്, പട്ടികവർഗ്ഗ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് ഉടനടി നടപടികൾ സ്വീകരിക്കുമെന്ന വാഗ്ദാനത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ഗ്രാമവാസികൾ. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തായണ്ണൻ കുടിയിലെ സംരക്ഷണഭിത്തിയുടെ നിർമ്മാണം നടത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. ആരോഗ്യദാസ് പറഞ്ഞു.