road
കട്ടപ്പന ഭവന നിർമാണ ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിനു സമീപത്തുകൂടിയുള്ള റോഡ് തകർന്ന നിലയിൽ.

കട്ടപ്പന: നഗരത്തിൽ വാഹനയാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഇടവഴി തകർന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. സന്തോഷ് തിയേറ്റർ പടിയിൽ നിന്ന് ഭവന നിർമാണ ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തു കൂടി ഗുരുമന്ദിരം റോഡിൽ എത്തിച്ചേരുന്ന റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. ടൗണിലെ തിരക്ക് ഒഴിവാക്കി വേഗത്തിൽ സെൻട്രൽ ജംഗ്ഷനിലേക്കു പോകാൻ വാഹനയാത്രികർ ഉപയോഗിച്ചിരുന്ന പാതയാണിത്. നിലവിൽ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാനാവില്ല. വലിയ കുഴികളിൽ പതിച്ച് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയുമുണ്ട്. ടാറിംഗ് തകർന്ന് വൻ ഗർത്തങ്ങളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. പഴയ ബസ് സ്റ്റാൻഡ് പള്ളിക്കവല റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏറെ പ്രയോജനപ്പെടുന്ന പാതയെ അധികൃതർ അവഗണിക്കുകയാണെന്ന് ആട്ടോറിക്ഷ ഡ്രൈവർമാർ ആരോപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ടാറിംഗ് നടത്തിയ ശേഷം പിന്നീട് അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.