തൊടുപുഴ: ഗാന്ധിജി സ്റ്റഡിസെന്ററിന്റെ നേതൃത്വത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ സംഘടിപ്പിക്കുന്ന കാർഷികമേളയിൽ സന്ദർശകരുടെ തിരക്കേറി. അവധി ദിവസമായ ഇന്നലെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് മേള കാണാനെത്തിയത്. ടിക്കറ്റ് കൗണ്ടറിലും പ്രവേശനകവാടത്തിന് മുന്നിലും രാവിലെ മുതൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. ആദ്യ സ്റ്റാളായ വിളപ്രദർശനത്തിലെ വൈവിധ്യമാർന്ന കാർഷികവിളകൾ ഏവരെയും ഒരുപോലെ ആകർഷിക്കുന്നതായിരുന്നു. രണ്ടാമത്തെ സ്റ്റാളായ ഇടുക്കി പ്രസ്ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പത്രഫോട്ടോഗ്രാഫർമാരുടെ ഫോട്ടോപ്രദർശനം 'മിഴി- 2020" കാണാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയിലെ 11 ഫോട്ടോഗ്രാഫർമാരുടെ നൂറിലേറെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഇത്തവണത്തെ പ്രത്യേകതയായ വൈൽഡ് ലൈഫ് ചിത്രങ്ങളും കാണികളുടെ മനംകവരുന്നതാണ്. ഹരിതമിഷന്റെ സ്റ്റാളുകളിൽ ബാഗ് ഉൾപ്പെടെയുള്ള ഓരോ ഉത്പന്നങ്ങൾ വാങ്ങാനും മാലിന്യസംസ്കരണത്തെക്കുറിച്ച് അറിയാനും നിരവധിപ്പേരാണെത്തുന്നത്. കാർഷിക- വാണിജ്യ സംബന്ധിയായ സ്റ്റാളുകളെല്ലാം ഏവർക്കും പ്രയോജനപ്രദമാണ്. അവസാനം കുടുംബശ്രീക്കാരുടെ ഭക്ഷണശാലയിൽ ഭക്ഷണവും കഴിച്ച് പൂച്ചെടികളോ മരത്തൈകളോ വാങ്ങിയാണ് ഭൂരിഭാഗം പേരും മേള കണ്ടിറങ്ങുന്നത്.
ഇടവിള കൃഷി വെറുംവാക്കല്ല
വിള വൈവിദ്ധ്യ സംരക്ഷണവും വീട്ടാവശ്യങ്ങൾക്കുള്ള ഉത്പന്നങ്ങളുടെ ലഭ്യതയും അധിക വരുമാനം ലഭിക്കാനും പ്രകൃതിയോട് അടുത്ത് നിൽക്കുന്ന ഇടവിള കൃഷിയ്ക്ക് മാത്രമേ കഴിയൂവെന്ന് നാളികേര വികസന ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ദീപ്തി നായർ പറഞ്ഞു. കാർഷികമേളയോടനുബന്ധിച്ച് നടത്തിയ തെങ്ങും ഇടവിളകളും സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. തെങ്ങിനു മുകളിൽ മറ്റേതു വിള വളർന്നാലും ഉല്പാദനം കുറയുമെന്ന് കായംകുളം കേന്ദ്ര - തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ഡോ.റെജി ജേക്കബ് തോമസ് പറഞ്ഞു. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
മേളയിൽ ഇന്ന്
രാവിലെ പത്തിന് ടൂറിസം - ഹെൽത്ത് ടൂറിസം, ഫാം ടൂറിസം, ഹോംസ്റ്റേ വിഷയങ്ങളിൽ സെമിനാർ കെ.റ്റി.ഡി.സി ചെയർമാൻ എം. വിജയകുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30 മുതൽ ആർ.സി.ഇ.പി. യും മറ്റ് അന്താരാഷ്ട്ര കരാറുകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. അഡ്വ. ജോയി എബ്രാഹം എക്സ് എം.പി. അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ഏഴിന് ജില്ലയിലും സമീപ പ്രദേശങ്ങളിലും മികവ് തെളിയിച്ചിട്ടുള്ള ഗായകരും നർത്തകരും അണിനിരക്കുന്ന കലാസന്ധ്യ.