നെടുങ്കണ്ടം: ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനങ്ങൾ കടലാസിൽ ഒതുങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടൗണിൽ ട്രാഫിക്
പരിഷ്‌കരണം നടത്താനുള്ള തീരുമാനങ്ങൾ എടുത്തെങ്കിലും യാതൊരു
നടപടിയും ഇതുവരെയുണ്ടായില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മൂന്ന് കേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന പഞ്ചായത്തിന്റെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ല. വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. അധികൃതമായി പാർക്കിംഗ് കാരണം നെടുങ്കണ്ടം ടൗണിലൂടെ വാഹനങ്ങൾക്ക് കടന്ന് പോകാനാകാത്ത സ്ഥിതിയാണ്. ടൗണിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് രണ്ടു മാസം മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെയും വ്യാപാരി വ്യവസായികളുടെയും, പൊലീസ്, ആർ.ടി.ഒ തുടങ്ങിയ വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. വിവിധ ചർച്ചകൾ നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനങ്ങൾ നടപ്പിലാക്കാനാകാത്ത ട്രാഫിക് അഡ്വൈസറി കമ്മിറ്റിക്കെതിരെ നിയമപരമായ നടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.