തൊടുപുഴ: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജില്ലയിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവരുന്നു. ഡി.സി.സി പ്രസിഡന്റിനെതിരായ കെ.പി.സി.സി നിർവാഹകസമിതിയംഗം ശ്രീമന്ദിരം ശശികുമാറിന്റെ അധിക്ഷേപവും അതിന് ഇബ്രാഹിംകുട്ടി കല്ലാർ നൽകിയ മറുപടിയുമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തൂക്കുപാലത്ത് പൊതുവേദിയിൽ എ ഗ്രൂപ്പിന്റെ ഹൈറേഞ്ചിലെ പ്രമുഖ നേതാവ് കൂടിയായ ശ്രീമന്ദിരം ശശികുമാർ ഡി.സി.സി പ്രസിഡന്റിനെതിരെ പരസ്യമായി ആക്ഷേപം ഉന്നയിച്ചിരുന്നു. ഇബ്രാഹിംകുട്ടി മണ്ടൻ കുട്ടിയാണെന്നും ചതിയൻ ചന്തുവാണെന്നുമായിരുന്നു ശ്രീമന്ദിരം പറഞ്ഞത്. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനം വഹിച്ച ശേഷം തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ പരാജയപ്പെടുത്തുന്ന നയമാണ് ഡി.സി.സി പ്രസിഡന്റിന്റേതെന്നും അദ്ദേഹം പറഞ്ഞു. തൂക്കുപാലത്ത് ഇന്ദിരാ സൈബർ കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിലായിരുന്നു വിവാദ പ്രസംഗം. സംസ്ഥാന സമ്മേളനത്തിന് തയ്യാറാക്കിയ നോട്ടീസിൽ ഡി.സി.സി പ്രസിഡന്റിന്റെയടക്കം ചിത്രമുണ്ടായിരുന്നു. എന്നാൽ സമ്മേളനം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഡി.സി.സി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിൽ ഇന്ദിര സൈബർ കോൺഗ്രസ് വിംഗിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുമായി ഒരു ബന്ധവുമില്ലെന്ന് പോസ്റ്റിട്ടിരുന്നു. ഇതാണ് ശ്രീമന്ദിരത്തെ ചൊടിപ്പിച്ചതെന്ന് കരുതുന്നു. മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്, ഡി.സി.സി ജന. സെക്രട്ടറിമാരായ എം.എൻ. ഗോപി, സേനാപതി വേണു, ജിയോ മാത്യു തുടങ്ങിയ നേതാക്കൾ വേദിയിലിരിക്കെയായിരുന്നു ശ്രീമന്ദിരത്തിന്റെ വിവാദ പ്രസംഗം. ശ്രീമന്ദിരം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നിരുന്നു.


'താൻ ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ഡി.സി.സി പ്രസിഡന്റ്"

ഒരു സെന്റ് ഭൂമിപോലും സ്വന്തമായില്ലാത്ത ഏക ഡി.സി.സി പ്രസിഡന്റ് താനായിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ഭൗതിക സമ്പത്ത് സമ്പാദിക്കുന്ന കാര്യത്തിലും കുടുംബസ്വത്ത് സംരക്ഷിക്കുന്ന കാര്യത്തിലും താനൊരു മണ്ടനാണെന്ന് തന്റെ നാട്ടുകാർ അഭിപ്രായപ്പെടാറുണ്ട്. നഷ്ടപ്പെട്ടുപോയ പാർലമെന്റ് മണ്ഡലം തിരികെ പിടിച്ചപ്പോൾ ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകർ തന്നെ ചതിയൻ ചന്തുവായല്ല, വിജയശിൽപ്പികളിൽ ഒരാളായാണ് കണ്ടത്. ഒരു മണിക്കൂർ പോലും പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി പ്രയത്നിക്കാത്തവർ മറുപടി അർഹിക്കുന്നില്ല. കഴിഞ്ഞ മൂന്നര വർഷക്കാലമായി ഒരു പാർട്ടി വേദിയിലും യു.ഡി.എഫ് അസംബ്ളി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത് താനാണെന്ന് ആക്ഷേപം ഉന്നയിച്ച വ്യക്തിയും സ്ഥാനാർത്ഥിയുമടക്കം ആരും പറഞ്ഞിട്ടില്ല. പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും ആത്മാർത്ഥതയും മുൻനിറുത്തിയാണ് പ്രവർത്തിക്കുന്നത്. വിമർശനങ്ങൾ നല്ലതിനാണെങ്കിൽ ഉൾക്കൊള്ളുമെന്നും അദേഹം പറഞ്ഞു. കെ.പി.സി.സിയുടെ ഐ.ടി സെല്ലിന് ഔദ്യോഗികമായി ശശി തരൂർ എം.പിയും എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയും നേതൃത്വം നൽകുന്നുണ്ട്. ഇതു സംബന്ധിച്ച് കെ.പി.സി.സി നയം ഉടൻ പ്രഖ്യാപിക്കുമെന്നിരിക്കെ വേറിട്ട സംഘടനകൾ അനുവദിക്കില്ല. സോഷ്യൽ മീഡിയയിലൂടെ പാർട്ടി നേതാക്കളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെ.പി.സി.സിക്ക് വിശദമായ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.